
ചിറയിൻകീഴ്: ഇടതുകോട്ട എന്ന് വിശേഷിപ്പിച്ചിരുന്ന ചിറയിൻകീഴില്‍,ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിനൊടുവിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് വിജയക്കൊടി പാറിച്ചത്.
ഇടത് സ്ഥാനാർത്ഥിയായ മനോജ് ബി.ഇടമനയെ 1422 വോട്ടുകള്‍ക്കാണ് രമ്യ ഹരിദാസ് പരാജയപ്പെടുത്തിയത്.
2011ലെ മണ്ഡല രൂപീകരണ കാലം മുതല്‍ മണ്ഡലം ഇടതുകോട്ടയാണ്. ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ ഇടതുപക്ഷത്തിലെ വി.ശശി വിജയിച്ച മണ്ഡലം. 2021ലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ ബി.എസ്.അനൂപ് ഇത്തവണ എൻ.ഡി.എ സ്ഥാനാർത്ഥിയായി.
ചിറയിൻകീഴുകാരായ എല്‍.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയാണ് കോഴിക്കോടുകാരിയായ രമ്യ ഹരിദാസ് മണ്ഡലം പിടിച്ചത്. രമ്യ ഹരിദാസ് മണ്ഡലത്തിലെത്തുമ്പോള്‍ മണ്ഡലത്തെ കുറിച്ചുള്ള കേട്ടറിവുകള്‍ മാത്രമാണുണ്ടായിരുന്നത്. തീരദേശ മേഖലയില്‍ ചിട്ടയായ പ്രവർത്തനത്തിലൂടെ വോട്ടുറപ്പിക്കാനായതാണ് വിജയമായി മാറിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടയ്ക്കാവൂർ,ചിറയിൻകീഴ്,അഴൂർ,മുദാക്കല്‍ എന്നീ പഞ്ചായത്തുകള്‍ ഇടതുപക്ഷത്തോടൊപ്പം നിന്നപ്പോള്‍ അഞ്ചുതെങ്ങ്,കിഴുവിലം,മംഗലാപുരം,കഠിനംകുളം പഞ്ചായത്തുകള്‍ യു.ഡി.എഫിനെ പിന്തുണച്ചു. തീരദേശ മേഖലയായ കഠിനംകുളം ഗ്രാമപഞ്ചായത്തിലെ മൂവായിരത്തിലേറെ വോട്ടിന്റെ ലീഡാണ് യു.ഡി.എഫ് വിജയത്തിന് സഹായകമായത്. മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര പ്രാധാന്യം നല്‍കുമെന്നും അതുപോലെ മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്നും രമ്യാ ഹരിദാസ് പറഞ്ഞു.







