
വാഷിംഗ്ടണ്‍: അമേരിക്കൻ സൈന്യത്തിന്റെ പറക്കുന്ന പെട്രോള്‍ പമ്പ് എന്നറിയപ്പെടുന്ന ബോയിംഗ് കെസി 135 സ്ട്രാറ്റോ ടാങ്കർ വിമാനം കാണാതായി.
പേർഷ്യൻ ഗള്ഫിന് മുകളിലൂടെ പറക്കുമ്പോള്‍ 7700 എന്ന അടിയന്തര സന്ദേശം നല്‍കിയതിന് പിന്നാലെയാണ് സൈനിക വിമാനം കാണാതായത്.
പശ്ചിമേഷ്യയില്‍ സംഘർഷാവസ്ഥ നിലനില്‍ക്കുന്നതിനിടയിലാണ് സൈനിക വിമാനം കാണാതായതെന്നതാണ് ശ്രദ്ധേയം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഎഇയിലെ അല്‍ ദഫ്ര ബേസില്‍ നിന്നുമാണ് ബോയിംഗ് കെ സി സ്ട്രാറ്റോ ടാങ്കർ ടേക്ക് ഓഫ് ചെയ്തത്. ഖത്തറിന് സമീപത്ത് വച്ചാണ് ഈ വിമാനവുമായുള്ള ബന്ധം നഷ്ടമായത്.താഴ്ന്ന് പറക്കുന്നതിന് മുൻപായി വായുവില്‍ വൃത്താകൃതിയിലുള്ള പാറ്റേണ്‍ വരച്ചാണ് വിമാനം അപായ സൂചന വല്‍കിയത്.
പറക്കുമ്പോള്‍ വിമാനത്തില്‍ നിന്ന് ‘7700’ എന്ന അടിയന്തര അപകട സന്ദേശം ലഭിച്ചതായി ഫ്ലൈറ്റ്റഡാർ24 ഡാറ്റ വ്യക്തമാക്കുന്നു. സാധാരണയായി വിമാനത്തിനുള്ളില്‍ ഗുരുതരമായ സാങ്കേതിക തകരാറുകളോ മറ്റോ സംഭവിക്കുമ്പോഴാണ് പൈലറ്റുമാർ ഇത്തരമൊരു സന്ദേശം അയക്കുന്നത്.
ഖത്തറിന് മുകളില്‍ എത്തിയപ്പോഴാണ് വിമാനത്തില്‍ നിന്നുള്ള സിഗ്നലുകള്‍ പൂർണ്ണമായും നഷ്ടമായത്. ലഭ്യമായ ട്രാക്കിംഗ് വിവരങ്ങള്‍ പ്രകാരം, സിഗ്നല്‍ നഷ്ടമാകുന്നതിന് മുൻപായി വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുകയും പിന്നീട് താഴേക്ക് ഇറങ്ങാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കഴിഞ്ഞ മാർച്ചില്‍ ഇറാഖില്‍ വെച്ച് ഇറാന്റെ ആക്രമണത്തില്‍ അമേരിക്കയ്ക്ക് ഇതേ വിഭാഗത്തില്‍പ്പെട്ട ഒരു വിമാനം നഷ്ടമായിരുന്നു.
അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തെ അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര ലോകം നോക്കിക്കാണുന്നത്.
സംഭവത്തെക്കുറിച്ച് അമേരിക്കൻ സൈന്യം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഇറാനിയൻ വാർത്താ ഏജൻസികള്‍ ഈ കാണാതാകല്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, ഈ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന് ഇറാൻ സൂചന നല്‍കിയിട്ടില്ല. നിലവില്‍ വിമാനത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്.







