വിറ്റ സാധനം തിരിച്ചെടുക്കുകയോ മാറ്റി നല്‍കുകയോ ചെയ്യില്ലെന്നുള്ള വ്യാപാര സ്ഥാപനങ്ങളിലെ ബോർഡ് നീക്കം ചെയ്യണം : ഹൈക്കോടതി
കൊച്ചി: വ്യാപാര സ്ഥാപനങ്ങളിലെ ‘വിറ്റ സാധനം തിരിച്ചെടുക്കുകയോ മാറ്റി നല്‍കുകയോ ചെയ്യില്ല’ എന്ന അറിയിപ്പ് ഉപഭോക്തൃ വിരുദ്ധമെന്ന് ഹൈക്കോടതി. ഇത്തരം അറിയിപ്പുകള്‍ക്കെതിരേയുള്ള ഗവ. ഉത്തരവ് റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി (സിയാല്‍) സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തു.
ഇടുക്കി ജില്ലാ കണ്‍സ്യൂമര്‍ വിജിലന്‍സ് ഫോറം പ്രസിഡന്റ് എം.എന്‍.മനോഹര്‍, സെക്രട്ടറി സെബാസ്റ്റ്യന്‍ എബ്രഹാം എന്നിവരാണ് ഏഴുവര്‍ഷത്തെ നിയമപോരാട്ടം നടത്തി ഉത്തരവ് വാങ്ങിയത്. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കാന്റീനില്‍നിന്ന് വാങ്ങിയ സാധനങ്ങള്‍ക്ക് നല്‍കിയ ബില്ലില്‍ ‘വിറ്റ സാധനം തിരിച്ചെടുക്കുകയോ മാറ്റി നല്‍കുകയോ ചെയ്യില്ല’ എന്ന് രേഖപ്പെടുത്തിയിരുന്നു.
ഇത് ഗുണമേന്മയില്ലാത്ത ഉത്‌പന്നം മാറി ലഭിക്കാനുള്ള ഉപഭോക്താവിന്റെ അവകാശത്തിന്റെ ലംഘനമാണെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ ഉപഭോക്തൃ വിജിലന്‍സ് ഫോറം എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ ഹര്‍ജി നല്‍കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതി പരിശോധിച്ച എറണാകുളം ഫോറം, വിജിലന്‍സ് ഫോറത്തിന്റെ വാദം അംഗീകരിക്കുകയായിരുന്നു. കേസ് നടത്തിപ്പ് ചെലവായി പരാതിക്കാരന് അയ്യായിരം രൂപ നല്‍കാനും കോടതി വിധിച്ചെന്നാണ് റിപ്പോര്‍ട്ട്.
ഇതിനെതിരേ സിയാല്‍ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ അപ്പീല്‍ നല്‍കി. സംസ്ഥാന കമ്മീഷന്‍ അപ്പീല്‍ തള്ളുകയും കേസ് നടത്തിപ്പ് ചെലവ് പതിനായിരം രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സിയാല്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. ഈ റിട്ട് ഹര്‍ജിയും തള്ളുകയായിരുന്നു.