
പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ ജയിക്കാം എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. പാലക്കാട് എല്‍ഡിഎഫ് സ്ഥാനാർഥി എൻഎംആർ റസാക്കിന്റെ വോട്ടുകള്‍ കുറഞ്ഞതില്‍ പ്രതികരിക്കുകയായിരുന്നു ഇ എൻ സുരേഷ് ബാബു.
ഞങ്ങള്‍ തോല്‍ക്കും എന്ന് ആദ്യമേ പറയാനുമാകില്ലല്ലോ. എല്‍ഡിഎഫ് വോട്ടുകള്‍ കുറഞ്ഞിട്ടുണ്ട്. ബിജെപി വരാതിരിക്കാനുള്ള ഒരു ജാഗ്രത പാലക്കാട് മണ്ഡലത്തില്‍ എടുത്തു എന്ന് വേണം കരുതാനെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു.
പരാജയത്തെ വലിയൊരു തിരിച്ചടിയായാണ് കാണുന്നത്. ഏതെല്ലാം കാര്യങ്ങളിലാണ് തിരുത്തല്‍ വരുത്തേണ്ടതെന്ന് സംസ്ഥാന നേതൃത്വവുമായി ചർച്ചചെയ്യും. ഇത്ര വലിയ തരംഗത്തിലും പാലക്കാട് എല്‍ഡിഎഫ് വോട്ടുകളില്‍ ചോർച്ച ഉണ്ടായില്ല. കോങ്ങാട് മണ്ഡലത്തില്‍ ബിജെപി യുഡിഎഫിനെ സഹായിച്ചു. കോങ്ങാട് ബിജെപി ബൂത്തുകളില്‍ ഇരിക്കാൻ പ്രവർത്തകർ പോലും ഇല്ലാത്ത സാഹചര്യമുണ്ടായി. തൃത്താലയിലെ യുഡിഎഫ് സ്ഥാനാർഥി അവിടെ രണ്ടു തവണ ജയിച്ചതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരിച്ചുപിടിച്ച മണ്ഡലം ഇത്തവണ നഷ്ടപ്പെട്ടു എന്ന് വേണം പറയാൻ. സിപിഎമ്മിന് നഷ്ടം എന്നുള്ളത് കോങ്ങാടും ചിറ്റൂരുമാണ്. ചിറ്റൂരില്‍ അപരനാണ് തിരിച്ചടി ആയതെന്ന് സുരേഷ് ബാബു പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാർത്ഥി മുരുഗദാസിന്റ മോതിരം ചിഹ്നവും അപരന്റെ നെക്ലസ് ചിഹ്നവും തമ്മിലുള്ള സാമ്യം പ്രതിസന്ധിയായി. എല്‍ഡിഎഫ് വോട്ടുകള്‍ അപരന്റെ നെക്ലസ് ചിഹ്നത്തിലേക്ക് പോയി.
ഒറ്റപ്പാലത്ത് പ്രേംകുമാർ ചരിത്രഭൂരിപക്ഷം നേടി. കോണ്‍ഗ്രസുകാർ പോലും പി.കെ.ശശിക്ക് വോട്ട് ചെയ്തില്ല. സിപിഎമ്മിനെ ഒറ്റികൊടുത്തയാള് ഐക്യ ജനാധിപത്യ മുന്നണിയിലും വഞ്ചകനായി മാറുമെന്ന ബോധ്യത്തിലാണ് അവർ വോട്ട് ചെയ്യാതിരുന്നത്. തോല്‍വിയില്‍ പഠനം നടത്തി ജനപിന്തുണ നേടിയെടുക്കുമെന്നും സുരേഷ് ബാബു പറഞ്ഞു. ഓരോ പ്രവർത്തകനും വ്യക്തിപരമായി എന്തൊക്കെ തിരുത്തലുകള്‍ നടത്തണമെന്ന് ആലോചിക്കും. എല്ലാ കാര്യങ്ങളും പരിശോധിക്കും.







