
നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് എംകെ സ്റ്റാലിൻ. പ്രതിപക്ഷത്തിരിക്കുമ്പോഴും ജനങ്ങൾക്കായി പോരാടുമെന്നും വോട്ടർമാർക്ക് നന്ദിയെന്നും ഭരണത്തിലുള്ളപ്പോൾ ജനങ്ങൾക്കായി വികസന പദ്ധതികൾ ആവിഷ്കരിച്ചുവെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു. 74 സീറ്റുകളാണ് തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് നേടാനായത്. കൊളത്തൂർ മണ്ഡലത്തിലാണ് സ്റ്റാലിൻ പരാജയപ്പെട്ടത്.
അതേസമയം തമിഴ്നാട്ടിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കുകയാണ് ടിവികെ. പാർട്ടി അധ്യക്ഷൻ വിജയുടെ നേതൃത്വത്തിൽ പനയൂരിലെ ടിവികെ ആസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ തുടരുകയാണ്. നിയുക്ത എംഎൽഎമാരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. വിവിധ പാർട്ടികളെ ഒപ്പം കൂട്ടി കേവല ഭൂരിപക്ഷം തികയ്ക്കാനാണ് വിജയ്യുടെ ശ്രമം. എന്നാൽ 118 എന്ന മാജിക് സംഖ്യയിലേയ്ക്ക് എത്താൻ വിജയ്ക്ക് ഇനിയും കടമ്പകൾ ഏറെ കടക്കണം. അഞ്ച് സീറ്റുകളിൽ ജയിച്ച കോൺഗ്രസുമായി ചർച്ചകൾ നടത്തിയെന്നാണ് സൂചന. പിന്തുണയുടെ കാര്യം പരിഗണിയ്ക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ.






