
തമിഴ്നാട് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വിമര്‍ശനവുമായി നടന് പ്രകാശ് രാജ്. സമൂഹം ആരാധകരാല്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രകാശ് രാജ് എക്സില്‍ കുറിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിനും കാമരാജും തോറ്റെന്നും സമൂഹം രാഷ്ട്രീയമായി മാറിയില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. ‘ഹലോ തമിഴ്നാട്…കാമരാജ് തോറ്റു, എംകെ സ്റ്റാലിന് തോറ്റു. സമൂഹം ആരാധകരാല്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. സമൂഹം രാഷ്ട്രീയമായി മാറിയില്ലെന്ന് ഇത് തെളിയിക്കുന്നു. രാഷ്ട്രീയ അവബോധം വളര്‍ത്തുക എന്നത് എപ്പോഴും പ്രതിപക്ഷ പാര്‍ട്ടിയുടെ ജോലിയാണ്. നമ്മുടെ യാത്ര നമുക്ക് തുടരാം. വിജയികള്‍ക്ക് അവരുടെ വിജയകരമായ പൊതു സേവനത്തിന് അഭിനന്ദനങ്ങള്‍’, എന്നായിരുന്നു പ്രകാശ് രാജ് കുറിച്ചത്.
തമിഴ്നാട്ടില്‍ ഡിഎംകെയ്ക്ക് വലിയ പരാജയമാണുണ്ടായത്. ഡിഎംകെയ്ക്ക് ആകെ 59 സീറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. ടിവികെ 108 സീറ്റുകളും എഐഎഡിഎംകെ 47 സീറ്റും നേടി. കുളത്തൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന് തോറ്റതും വലിയ തിരിച്ചടിയായി. പ്രവചനങ്ങളെ അസ്ഥാനത്താക്കി, ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയെയും എഐഎഡിഎംകെയെയും പിന്നിലാക്കിയാണ് ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. കേവലഭൂരിപക്ഷത്തിന് 118 സീറ്റ് വേണം. അതിനാൽ സര്‍ക്കാര്‍ രൂപീകരിക്കാനും ഭൂരിപക്ഷം തെളിയിക്കാനും ടിവികെക്ക് മറ്റു കക്ഷികളെ കൂട്ടാതെ നിര്‍വാഹമില്ല.






