
തിരുവനന്തപുരം: ചുവപ്പുകോട്ടകള്‍ തകര്‍ത്ത് യു.ഡി.എഫ് അധികാരത്തിലേറുമ്പോള്‍, കേരളം ഉറ്റുനോക്കുന്നത് അത്യന്തം നാടകീയമായ ഒരു മന്ത്രിസഭാ രൂപീകരണത്തിലേക്കാണ്.
സി.പി.എമ്മിന്റെ അടിത്തറയിളക്കി വിമതരായി മത്സരിച്ച് കോണ്‍ഗ്രസ് പിന്തുണയോടെ ജയിച്ചുകയറിയ ജി. സുധാകരന്‍, വി. കുഞ്ഞികൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യം മന്ത്രിസഭാ ചര്‍ച്ചകളെ ചൂടുപിടിപ്പിക്കുന്നു. ഇവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി സി.പി.എമ്മിനെ രാഷ്ട്രീയമായി കൂടുതല്‍ പ്രതിരോധത്തിലാക്കണോ എന്ന ഗൗരവതരമായ ആലോചന യു.ഡി.എഫ് കേന്ദ്രങ്ങളിലുണ്ട്.
അമ്പലപ്പുഴയില്‍ നിന്ന് ജയിച്ച ജി. സുധാകരനും പയ്യന്നൂരിലെ വിപ്ലവവിജയം നേടിയ വി. കുഞ്ഞികൃഷ്ണനും മന്ത്രിമാരാകുന്നത് ഇടത് കോട്ടകളില്‍ വലിയ വിള്ളലുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ഇതിനൊപ്പം വടകരയുടെ കരുത്തായ കെ.കെ. രമയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമോ എന്നതും നിര്‍ണ്ണായകമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്‍.എം.പി.ഐയെ മന്ത്രിസഭയുടെ ഭാഗമാക്കി അംഗീകരിക്കുന്നത് സി.പി.എമ്മിന് വലിയ തിരിച്ചടിയാകും. സമാനമായി കുന്നത്തൂരിലെ യു.ഡി.എഫ് വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച സി.പി. ജോണിനും മന്ത്രിസ്ഥാനത്തിന് സാധ്യതയേറെയാണ്.
മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി എന്ന ആവശ്യം ഇത്തവണയും ചര്‍ച്ചകളില്‍ സജീവമാകും. നാല് മന്ത്രിസ്ഥാനങ്ങള്‍ ഉറപ്പാണെങ്കിലും, യു.ഡി.എഫിന്റെ വലിയ വിജയത്തില്‍ തങ്ങള്‍ വഹിച്ച പങ്ക് ചൂണ്ടിക്കാട്ടി അഞ്ചാം മന്ത്രിക്കായി ലീഗ് സമ്മര്‍ദ്ദം ചെലുത്തിയേക്കാം.
പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന ലീഗ് നിരയില്‍ നിന്ന് നാല് പേര്‍ പാണക്കാട് തീരുമാനപ്രകാരം എത്തും. എന്നാല്‍, ലീഗിന്റെ അധിക അധികാരം കോണ്‍ഗ്രസിലെ സാമുദായിക സന്തുലിതാവസ്ഥയെ ബാധിക്കുമോ എന്ന ആശങ്ക ഹൈക്കമാന്‍ഡിനുണ്ട്.
കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗത്തിന് രണ്ട് മന്ത്രിസ്ഥാനങ്ങള്‍ നല്‍കേണ്ടി വരും. മോന്‍സ് ജോസഫിനൊപ്പം അപു ജോണ്‍ ജോസഫിന്റെ പേരും മുന്‍ഗണനാ പട്ടികയിലുണ്ട്. പാലാ പിടിച്ചടക്കിയ മാണി സി. കാപ്പനും ഇത്തവണ മന്ത്രിസഭയില്‍ ഇടം പിടിക്കുമോ എന്നത് ഉയരുന്ന ചോദ്യമാണ്. ആര്‍.എസ്.പിയില്‍ നിന്ന് ഷിബു ബേബി ജോണും അനൂപ് ജേക്കബും മന്ത്രിമാരാകുന്നതോടെ ഘടകകക്ഷികളുടെ പ്രാതിനിധ്യം ശക്തമാകും.
കെ. മുരളീധരന്‍ മന്ത്രിസഭയില്‍ ഉണ്ടാകണമെന്നത് അണികളുടെ വലിയ ആവശ്യമാണ്. മുതിര്‍ന്ന നേതാവായ അദ്ദേഹത്തിന് സുപ്രധാന വകുപ്പുകള്‍ നല്‍കണമെന്ന വാദവും ഉയരുന്നുണ്ട്. പുതുപ്പള്ളിയില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിച്ച ചാണ്ടി ഉമ്മനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഉമ്മന്‍ചാണ്ടി എന്ന വികാരം സജീവമായി നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കിയാകും കോണ്‍ഗ്രസ് പട്ടിക തയ്യാറാക്കുക. കോട്ടയത്ത് നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മന്ത്രിസഭയിൽ ഉണ്ടാകും.
മന്ത്രിമാരുടെ എണ്ണത്തില്‍ കോണ്‍ഗ്രസ് പത്ത്, ഘടകകക്ഷികള്‍ പത്ത് എന്ന 50:50 ഫോര്‍മുലയിലേക്ക് കാര്യങ്ങള്‍ നീങ്ങാന്‍ സാധ്യതയുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള മന്ത്രിമാരുടെ എണ്ണത്തില്‍ ബാലന്‍സ് നിലനിര്‍ത്തുക എന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ വെല്ലുവിളിയാകും.







