
കൊച്ചി: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സെലിബ്രിറ്റികള്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നത് പുതിയ സംഭവമല്ല.
എന്നാല്‍, സമീപകാലത്ത് സോഷ്യല്‍ മീഡിയയുടെയും റിയാലിറ്റി ഷോകളുടെയും വളർച്ചയോടെ ഈ പ്രവണതയ്ക്ക് പുതിയൊരു മാനം കൈവന്നിട്ടുണ്ട്. 2026-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കിയ രണ്ട് പോരാട്ടങ്ങളായിരുന്നു കുണ്ടറയിലേയും തൃക്കാക്കരയിലേയും മത്സരങ്ങള്‍.
റിയാലിറ്റി ഷോയായ ‘ബിഗ് ബോസി’ലൂടെ കേരളക്കരയാകെ തരംഗമായ റോബിൻ രാധാകൃഷ്ണനും അഖില്‍ മാരാരും അണിനിരന്നതോടെ ഈ മണ്ഡലങ്ങള്‍ വാർത്തകളില്‍ ഇടംപിടിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍, ഡിജിറ്റല്‍ ലോകത്തെ ലൈക്കുകളും കമന്റുകളും വോട്ട് പെട്ടിയില്‍ പ്രതിഫലിക്കില്ലെന്ന കയ്പ്പുള്ള സത്യമാണ് ഈ താരങ്ങള്‍ക്ക് നേരിടേണ്ടി വന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുണ്ടറ നിയമസഭാ മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ പി.സി. വിഷ്ണുനാഥിനെ നേരിടാൻ എൻഡിഎ രംഗത്തിറക്കിയത് ഡോ. റോബിൻ രാധാകൃഷ്ണനെയായിരുന്നു. ബിഗ് ബോസ് സീസണ് 4-ലൂടെ വലിയൊരു ആരാധകവൃന്ദത്തെ, പ്രത്യേകിച്ച് യുവാക്കളെയും സ്ത്രീകളെയും നേടിയെടുത്ത റോബിന്റെ പ്രശസ്തി വോട്ടായി മാറുമെന്ന് ബിജെപി കണക്കുകൂട്ടി.
യുവാക്കളുടെയും നിഷ്പക്ഷ വോട്ടർമാരുടെയും പിന്തുണയോടെ മണ്ഡലത്തില്‍ അട്ടിമറി നടത്താമെന്നതായിരുന്നു റോബിന്റെയും പ്രതീക്ഷ. എന്നാല്‍ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ചിത്രം തികച്ചും വ്യത്യസ്തമായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥിന് ലഭിച്ചത് 87,862 വോട്ടുകളാണ്. എല്‍ഡിഎഫ് സ്ഥാനാർത്ഥി എസ്.എല്‍. സജികുമാറിന് 55,298 വോട്ടുകള്‍ ലഭിച്ചപ്പോള്‍, റോബിൻ രാധാകൃഷ്ണന് നേടാനായത് വെറും 18,996 വോട്ടുകള്‍ മാത്രമാണ്.
കഴിഞ്ഞ തവണ വെറും നാലായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് വിജയിച്ച വിഷ്ണുനാഥ് ഇക്കുറി തന്റെ ഭൂരിപക്ഷം എട്ടിരട്ടിയിലധികം വർദ്ധിപ്പിച്ച് 32,564 എന്ന പടുകൂറ്റൻ ലീഡിലെത്തി.
ബിഗ് ബോസ് സീസണ് 5-ലെ വിജയിയായ അഖില്‍ മാരാരുടെ സാന്നിധ്യമായിരുന്നു തൃക്കാക്കരയിലെ പ്രധാന ആകർഷണം. ‘ജനങ്ങള്‍ക്ക് എന്നെ അറിയാം, എന്റെ നിലപാടുകള്‍ അറിയാം’ എന്ന അമിത ആത്മവിശ്വാസത്തോടെയാണ് മാരാർ വോട്ടു തേടിയിറങ്ങിയത്.
സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള മാരാർക്ക് തൃക്കാക്കരയിലെ പ്രൊഫഷണലുകളെയും യുവാക്കളെയും സ്വാധീനിക്കാൻ കഴിയുമെന്ന് ബിജെപി വിശ്വസിച്ചു. എന്നാല്‍ ഫലം വന്നപ്പോള്‍ അഖില്‍ മാരാർക്ക് കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്.
യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് 83,375 വോട്ടുകള്‍ നേടി 50,211 എന്ന റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോള്‍, അഖില്‍ മാരാർക്ക് ലഭിച്ചത് വെറും 21,424 വോട്ടുകള്‍ മാത്രമാണ്. എല്‍ഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പുഷ്പ ദാസ് 33,164 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി. തൃക്കാക്കരയുടെ ചരിത്രത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്.







