Spread the love

പാർട്ടി കൈവിട്ട ജി സുധാകരനെ അമ്പലപ്പുഴ കൈവിട്ടില്ല. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയിൽ നിന്നും പടിയിറങ്ങിയ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് അമ്പലപ്പുഴയിൽ നിന്നും മിന്നുന്ന വിജയം നേടി. 69511 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് പിന്തുണയോടെ ജി. സുധാകരൻ വിജയിച്ചത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി എച്ച്. സലാം 43548 വോട്ടുകളും ബിജെപി സ്ഥാനാർഥി അരുൺ അനിരുദ്ധൻ 14795 വോട്ടുകളും നേടി. സിപിഎമ്മിൽ നിന്നും പുറത്തിറങ്ങി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിർത്താതെ സുധാകരന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

video
play-sharp-fill

വാശിയേറി പോരാട്ടത്തിനു സാക്ഷിയായ അമ്പലപ്പുഴയിൽ, കക്ഷികളുടെ മത്സരം എന്നതിലുപരി വ്യക്തി പ്രഭാവത്തിനും കൂടി പ്രാധാന്യമുള്ള പോരാട്ടമായിരുന്നു ഇത്തവണ നടന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മുന്നണി കൂറുമാറ്റങ്ങൾ കൊണ്ട് വാർത്തകളിലും മറ്റും ഇടം നേടിയ മണ്ഡലമായി മാറിയിരുന്നു അമ്പലപ്പുഴ. പാർട്ടിയിൽ നിന്ന് മതിയായി പരിഗണന ലഭിക്കുന്നില്ല എന്ന ആരോപണം ഉയർത്തി അംഗത്വം പുതുക്കാതിരിക്കുകയായിരുന്ന സിപിഎമ്മിന്റെ മുതിർന്ന നേതാവും ആലപ്പുഴയിലെ പാർട്ടി മുഖങ്ങളിൽ ഒരാളുമായിരുന്ന ജി സുധാകരന്റെ പടിയിറക്കവും പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു.