
പൊള്ളുന്ന ചൂടിൽ ഇടയ്ക്കിടെ തണുത്ത ഫ്രിഡ്ജിൽ വെച്ച വെള്ളം കുടിക്കാറുണ്ടോ? പുറത്തെ കഠിനമായ ചൂടിൽ നിന്ന് വീട്ടിലെത്തിയ ഉടനെ ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിക്കുന്നത് വലിയ ആശ്വാസമായി തോന്നാം. എന്നാൽ, ഈ ശീലം അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
തണുത്ത വെള്ളം കുടിക്കുന്നത് എന്തുകൊണ്ട്?
വേനൽക്കാലം എത്തുന്നതോടെ പുറത്തെ താപനില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് കുതിക്കുന്നു. ഇത് സ്വാഭാവികമായും ശരീരത്തിന്റെ താപനില വർധിപ്പിക്കുകയും പെട്ടെന്ന് ശരീരം തണുപ്പിക്കേണ്ട ആവശ്യകത വർധിപ്പിക്കുകയും ചെയ്യുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെയാണ് നമ്മളിൽ മിക്കവർക്കും തെറ്റുപറ്റുന്നത്. ആ നിമിഷം ഒരു ഗ്ലാസ് തണുത്ത വെള്ളം വലിയൊരു ആശ്വാസമായി തോന്നുമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഇത് ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
വേനൽക്കാലത്ത് തണുത്ത വെള്ളം കുടിക്കുന്നത് ദോഷകരമാണോ?
‘ദി കംപ്ലീറ്റ് ബുക്ക് ഓഫ് ആയുർവേദിക് ഹോം റെമഡീസ്’ പ്രകാരം, ഭക്ഷണസമയത്തോ ദിവസത്തിന്റെ മറ്റ് സമയങ്ങളിലോ തണുപ്പിച്ച വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നതാണ് എപ്പോഴും നല്ലത്.
വെള്ളത്തിന്റെ താപനില ദഹനരസങ്ങളുടെ സാധാരണ പ്രവർത്തനത്തെ തടസപ്പെടുത്തുകയും ശരീരത്തിലെ ‘ദോഷ’ങ്ങളുടെ സന്തുലിതാവസ്ഥ തെറ്റിക്കുകയും ചെയ്യും എന്നതാണ് ഇതിന് കാരണം.
വേനൽക്കാലത്ത് കടുത്ത ചൂട് കാരണം നമ്മുടെ ദഹനം ഇതിനകം തന്നെ മന്ദഗതിയിലായിരിക്കും എന്നതിനാൽ പ്രശ്നത്തിന്റെ തീവ്രത കൂടുന്നു.
കൂടാതെ, തണുത്ത വെള്ളവും മറ്റ് തണുത്ത പാനീയങ്ങളും രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും ദഹനസമയത്ത് പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു.
തൊണ്ടയിലെ അസ്വസ്ഥത
അമിതമായി തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടയിൽ അസ്വസ്ഥതയുണ്ടാക്കാനും നിലവിലുള്ള തൊണ്ടവേദനയോ നീർവീക്കമോ വർധിപ്പിക്കാനും കാരണമാകും. കൂടാതെ, തണുത്ത വെള്ളം കുടിക്കുന്നത്, പ്രത്യേകിച്ച് ഭക്ഷണത്തിന് ശേഷം, തൊണ്ടയിൽ കഫം വർധിപ്പിക്കാൻ ഇടയാക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.
വയറ്റിലെ അസ്വസ്ഥതകള്‍
തണുത്ത വെള്ളം രക്തക്കുഴലുകൾ ചുരുങ്ങാൻ കാരണമാകുന്നു. ഇത് തൊണ്ടയിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും അണുബാധകൾ ഭേദമാകുന്ന പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യും.
ഇത് ഗ്യാസ് , വയറുവേദന , മലബന്ധം തുടങ്ങിയ അസ്വസ്ഥതകളിലേക്ക് നയിക്കാം. അതിനാൽ മെച്ചപ്പെട്ട ദഹനത്തിനായി തണുത്ത വെള്ളം ഒഴിവാക്കുന്നതാണ് നല്ലതെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.
പേശിവലിവ്
തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടയിലെ പേശികളിൽ മുറുക്കം അനുഭവപ്പെടാൻ കാരണമാകും. ഇത് ഭക്ഷണം ഇറക്കുന്നത് ബുദ്ധിമുട്ടുള്ളതാക്കി മാറ്റും. ഇത് തൊണ്ടവേദനയ്ക്കും മൂക്കടപ്പിനും മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകൾക്കും കാരണമായേക്കാം.
ദഹനത്തെ തടസ്സപ്പെടുത്തുന്നു
അമിതമായി തണുത്ത വെള്ളമോ പാനീയങ്ങളോ കുടിക്കുന്നത് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. തണുത്ത വെള്ളം വയറിലെ പേശികൾ ചുരുങ്ങാൻ കാരണമാകും, ഇത് ഭക്ഷണശേഷമുള്ള ദഹനത്തെ സങ്കീർണ്ണമാക്കുന്നു. ദഹനവ്യവസ്ഥ തണുപ്പിനോട് വളരെ വേഗം പ്രതികരിക്കുന്ന ഒന്നായതിനാൽ, ഇത് പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ സ്വാഭാവിക ശേഷിയെ തടസ്സപ്പെടുത്തുന്നു.
പല്ലുകളുടെ സെൻസിറ്റിവിറ്റി
തണുത്ത വെള്ളം കുടിക്കുന്നത് പല്ലുകളിൽ പുളിപ്പിനും അസ്വസ്ഥതയ്ക്കും കാരണമായേക്കാം. ഇത് ഭക്ഷണം ചവയ്ക്കുന്നതിനും കുടിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കും. വളരെയധികം തണുത്ത സാധനങ്ങൾ കഴിക്കുമ്പോൾ പല്ലിന്റെ ഇനാമൽ ബലഹീനമാകാനും സാധ്യതയുണ്ട്.
എന്താണ് പരിഹാരം?
വേനൽക്കാലത്ത് ദാഹം അകറ്റാൻ ഏറ്റവും അനുയോജ്യം റൂം ടെമ്പറേച്ചറിലുള്ള വെള്ളമാണ്. തണുത്ത വെള്ളം കുടിക്കണം എന്ന് നിര്‍ബന്ധമുള്ളവര്‍ വെയിലത്ത് നിന്ന് വന്ന ഉടനെ തണുത്ത വെള്ളം കുടിക്കാതെ, കുറച്ചു സമയം വിശ്രമിച്ച ശേഷം വെള്ളം കുടിക്കുന്നതാണ് കൂടുതൽ ഉചിതം.
ശരീരത്തിന് ദോഷം ചെയ്യാത്ത, തണുത്ത വെള്ളം കുടിക്കണമെന്നുണ്ടെങ്കില്‍ മൺപാത്രത്തിൽ വെച്ച് തണുപ്പിച്ച വെള്ളം ഉപയോഗിക്കാം. കൂടാതെ, കരിക്കിൻ വെള്ളം, സംഭാരം, നാരങ്ങാവെള്ളം തുടങ്ങിയ നാടൻ പാനീയങ്ങൾ ഐസ് ചേർക്കാതെ ഉപയോഗിക്കുന്നത് ശരീരത്തിന് ആവശ്യമായ ഇലക്ട്രോലൈറ്റുകൾ നൽകാൻ സഹായിക്കും.







