
പാലക്കാട് ജില്ലയിലെ കല്ലടിക്കോടില്‍ വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം രൂക്ഷമാകുന്നു. കോണിക്കഴിയില്‍ അജ്ഞാത ജീവി 12 കോഴികളെ കൊന്നു. മുപ്പതോളം കോഴികളെയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അജ്ഞാത ജീവി കോണിക്കഴിയില്‍ കൊന്നത്. കോണിക്കഴി ചോലക്കുണ്ടില്‍ രാജന്‍, വാര്‍ഡ് മെമ്പര്‍ ഗിരിജ, പ്രദേശവാസി ബിന്ദു എന്നിവരുടെ 12 കോഴികളെയാണ് ഇന്നലെ കൊന്നത്. ഒരു മാസത്തിനിടെ മാത്രം നൂറിലധികം കോഴികളെ അജ്ഞാത ജീവി കൊന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആടിന്റെ വലിപ്പമുള്ള തവിട് നിറത്തിലുള്ള അജ്ഞാത ജീവിയാണ് കോഴികളെ ആക്രമിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ആശങ്ക പരിഗണിച്ച് ഉടന്‍ അജ്ഞാത ജീവിയെ പിടികൂടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.






