
തൊടുപുഴ: ജില്ലയിൽ അക്രമ സംഭവങ്ങളും കൊലപാതക പരമ്പരകളും പെരുകുന്നതായി റിപ്പോർട്ട്.
പുതുവർഷം പിറന്ന് നാല് മാസം പിന്നിടുമ്പോൾ പത്തോളം പേരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൊല്ലപ്പെട്ടത്.
നെടുങ്കണ്ടത്ത് അമ്മയും മകനും കൊല്ലപ്പെട്ടത് ഈ പരമ്പരയിലെ അവസാനത്തേതാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുണ്ടായ ഈ വർദ്ധന നാടിനെ ഭീതിയിലാഴ്ത്തുകയാണ്.
ലഹരിമരുന്നിന്റെ ഉപയോഗവും നിസാര കാരണങ്ങളെച്ചൊല്ലിയുള്ള വാക്കുതർക്കങ്ങളുമാണ് മിക്ക കൊലപാതകങ്ങൾക്കും പിന്നിലെന്ന് പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളിലും ഇരകളിലും ഭൂരിഭാഗവും യുവാക്കളാണെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഇടയിലുണ്ടാകുന്ന തർക്കങ്ങൾ ദാരുണമായ അന്ത്യത്തിൽ കലാശിക്കുന്ന പ്രവണതയാണ് ജില്ലയിൽ കണ്ടുവരുന്നത്.
ഈ വർഷത്തെ കൊലപാതകങ്ങൾ
20ന് ഉടുമ്പന്നൂർ പഞ്ചായത്തിലെ പെരിങ്ങാശേരിയിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. പെരിങ്ങാശ്ശേരി ബൗണ്ടറി ഈന്തുങ്കൽ രാജുവാണ് (മണി- 58) മരിച്ചത്. അനുജൻ ബിജുവിനെ (45) കരിമണ്ണൂർ പൊലീസ് പിടികൂടി.
18ന് രാത്രി പത്തോടെ ഇരട്ടയാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ സുഹൃത്ത് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. രാഹുൽ സണ്ണിയാണ് (33) മരിച്ചത്. സംഭവത്തിൽ സുഹൃത്ത് സജയൻ അറസ്റ്റിലായി.
ഒമ്പതിന് രാത്രി കഞ്ഞിക്കുഴിയിൽ കുടുംബവഴക്കിനെ തുടർന്ന് രാജൻ (26) ബന്ധുവിന്റെ കുത്തേറ്റു മരിച്ചു. അയൽവാസി കൂടിയായ അനൂപിനെ പൊലീസ് പിടികൂടി.
മാർച്ച് 25ന് ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാർ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു. കോതമംഗലം സ്വദേശി മനു ജോസഫാണ് (45) കൊല്ലപ്പെട്ടത്. ബംഗാൾ സ്വദേശി സെയ്ഫുദ്ദീൻ മണ്ഡൽ അറസ്റ്റിലായി.
മാർച്ച് 15ന് തൂക്കുപാലത്ത് ഓട്ടോ തൊഴിലാളിയായ രതീഷ് സി. നായർ നാട്ടുകാർ നോക്കിനിൽക്കെ കുത്തേറ്റു മരിച്ചു. പിതൃസഹോദര പുത്രൻ തൂക്കുപാലം കല്ലുമേൽകല്ല് സ്വദേശി അനൂപ് (41) അറസ്റ്റിലായി. കുടുംബ വഴക്കായിരുന്നു കാരണം.
ഫെബ്രുവരി ഒമ്പതിന് ഉടുമ്പന്നൂരിൽ നേരത്തെ കൊടുത്ത മൂവായിരം രൂപ തിരികെ ചോദിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 75കാരനായ വേലപ്പനെ മകൻ രാജേഷ് (45) കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി.
ജനുവരി ആറിന് ഉപ്പുതറയിൽ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മത്തായിപ്പാറ എം.സി. കവലയ്ക്ക് സമീപം മലേക്കാവിൽ രജനിയാണ് (38) കൊല്ലപ്പെട്ടത്. പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കെ ഓട്ടോറിക്ഷ ഡ്രൈവറായ ഭർത്താവ് സുബിനെ (രതീഷ്- 40) 10ന് ഉച്ചയ്ക്ക് 12ന് വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ജനുവരി 15ന് അടിമാലിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ പാപ്പച്ചൻ (65) എന്നയാളെ മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്ത് കൊലപ്പെടുത്തി. സൂര്യനെല്ലി സിങ്കുകണ്ടം സ്വദേശിയുമായ ആരോഗ്യദാസിനെയാണ് (46) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.







