
ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലയില്‍ പ്രതിയെന്ന് സംശയിക്കുന്ന ഇളയ മകൻ സജിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് പിടികൂടിയത്.
പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പില്‍ നിന്നും കഴിഞ്ഞ ദിവസം ശരീരഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. മേരിക്കുട്ടി മാത്യു, മകൻ റെജി എന്നിവരെ കുറെ നാളുകളായി കാണാനില്ലായിരുന്നു. ഇരുവരെയും കാണാതായപ്പോള്‍ നാട്ടുകാർ ഇളയ മകനോട് വിവരം തിരക്കിയിരുന്നു.
ഇയാളുടെ പരസ്പര വിരുദ്ധമായ മറുപടിയില്‍ നാട്ടുകാർക്ക് സംശയം തോന്നി. ഈ വിവരം മകളെ അറിയിക്കുകയും ചെയ്തു. തുടർന്ന് മകള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരെയും കൊന്ന് കുഴിച്ചുമൂടിയതായിട്ടാണ് പൊലീസിന്റെ സംശയം. നെടുങ്കണ്ടം പച്ചടിക്ക് സമീപമാണ് സംഭവം.
വീടിന്റെ പരിസരത്ത് നടത്തിയ പരിശോധനയിലാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സ്ത്രീയുടെയും പുരുഷൻ്റെയും മൃതദേഹമാണ് കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്. തിരിച്ചറിയാൻ പറ്റാത്ത വിധമാണ് മൃതദേഹങ്ങളുണ്ടായിരുന്നത്. രണ്ട് മൃതദേഹങ്ങള്‍ക്കും ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. കാണാതായ മറിയക്കുട്ടിയുടെയും റെജിയുടെയും മൃതദേഹമാണോ ഇതെന്ന് ഉറപ്പിക്കാൻ പോസ്റ്റുമോർട്ടം പരിശോധന ഇന്ന് പൂർത്തിയാവും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരെയും ഏപ്രില്‍ 9 വരെ ആളുകള്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ മേരിക്കുട്ടിയുടെ ഭർത്താവിൻ്റെ തിരോധാനം വീണ്ടും പൊലീസ് അന്വേഷിക്കും. 2018ല്‍ സമാന സാഹചര്യത്തിലാണ് മാത്യുവിനെ കാണാതായത്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. ഇന്നലെ കണ്ടെത്തിയ മൃതദേഹങ്ങള്‍ മേരിക്കുട്ടിയുടെയും മകൻ റെജിയുടെയും തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്.







