
തിരുവനന്തപുരത്ത് അടച്ചുറപ്പില്ലാത്ത വീട്ടില്‍ എട്ട് വയസുകാരന് പാമ്പുകടിയേറ്റ് മരിച്ചതില്‍ ചികിത്സാ പിഴവുണ്ടായിട്ടില്ലെന്ന് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട്.
പാമ്പ് കടിയേറ്റെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് ഡിഎംഒക്ക് നല്കിയ റിപ്പോര്‍ട്ടില്‍ വിശദീകരണം. രക്ത പരിശോധനയില്‍ പ്രശ്നങ്ങള്‍ കണ്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രി സൂപ്രണ്ട് ഡിഎംഒയ്ക്ക് നല്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ആശുപത്രിയില്‍ ആന്റിവനം 27 വയല്‍ സ്റ്റോക്ക് ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്.
ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ് – അനു ദമ്പതികളുടെ മകനാണ് ദിക്ഷല്‍. സംഭവത്തിന് ശേഷം നാട്ടുകാര്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയോടെ ആയിരുന്നു കുഞ്ഞിന് പാമ്പുകടിയേറ്റത്. ഉറക്കത്തില്‍ നിന്ന് കുട്ടി ഞെട്ടി എണീറ്റ് തന്റെ കാലില്‍ എന്തോ കടിച്ചെന്ന് വീട്ടുകാരോട് പറഞ്ഞു. ഉടന്‍ തന്നെ സമീപത്തെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. പ്രാഥമിക ചികിത്സ നല്കി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശവും നല്കി. ഇവിടെ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടിയുടെ കാലില്‍ പാമ്പിന്റെ കടിയേറ്റതായി ഇന്‍ക്വസ്റ്റ് നടപടികളില്‍ കണ്ടെത്തി. മരിച്ച ദിക്ഷല്‍ ചിറയിന്‍കീഴിലെ സ്വകാര്യ സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ആയിരുന്നു. ദിക്ഷലിനെ കൂടാതെ ദിലീപ്- ദമ്പതികള്‍ക്ക് മറ്റൊരു കുഞ്ഞ് കൂടിയുണ്ട്.









