
കോഴിക്കോട്: ജില്ലയിലെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി കോളേജിലെ സ്ട്രോങ്ങ് റൂമുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം പുകയുന്നു.
സ്ട്രോങ് റൂം അനധികൃതമായി തുറന്നെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നുമാണ് യുഡിഎഫ് ആരോപിക്കുന്നത്. എന്നാല്‍, തുറന്നത് വോട്ടിംഗ് മെഷീനുകള്‍ ഇരിക്കുന്ന സ്ട്രോങ്ങ് റൂമല്ലെന്നും പോളിംഗ് രേഖകള്‍ സൂക്ഷിച്ച മുറിയാണെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
യുഡിഎഫിന്റെ ആരോപണങ്ങള്‍
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടന്നതെന്ന് യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കേന്ദ്രസേനയ്ക്ക് മാത്രം പ്രവേശനമുള്ള സ്ഥലത്ത് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും കേരള പോലീസും പ്രവേശിച്ചു. സ്ഥാനാര്‍ത്ഥികളെ കൃത്യമായി അറിയിക്കാതെയും അവരുടെ അറിവോടുകൂടിയല്ലാതെയും മുറി തുറന്നു.
നിലവിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ വിശ്വാസമില്ലെന്നും പ്രദേശം പൂര്‍ണ്ണമായും ബിഎസ്എഫിന്റെ നിയന്ത്രണത്തിലാക്കണമെന്നും ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു. സ്ട്രോങ്ങ് റൂമിന് സമീപത്തെ സ്പെയര്‍ റൂം അടിയന്തരമായി അടച്ചുപൂട്ടണമെന്നും എം.കെ. രാഘവന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കളക്ടറെ കണ്ട് നേതാക്കള്‍
ഇന്നര്‍ പെരിമീറ്ററിന്റെ സുരക്ഷ പൂര്‍ണ്ണമായും ബിഎസ്എഫിനെ ഏല്‍പ്പിക്കണമെന്നും സ്ട്രോങ്ങ് റൂമിനോട് ചേര്‍ന്നുള്ള സ്പെയര്‍ റൂം പൂര്‍ണ്ണമായും സീല്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലാ കലക്ടറെ കണ്ടു. യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിച്ചതോടെ ഉദ്യോഗസ്ഥര്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
റിട്ടേണിംഗ് ഓഫീസറുടെ വിശദീകരണം
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഡെപ്യൂട്ടി കളക്ടറും പേരാമ്പ്ര റിട്ടേണിംഗ് ഓഫീസറും വ്യക്തമാക്കി. തുറന്നത് സ്ട്രോങ്ങ് റൂമല്ല, വോട്ടിംഗ് മെഷീനുകളോ പോസ്റ്റല്‍ ബാലറ്റുകളോ സൂക്ഷിച്ച മുറിയല്ല തുറന്നത്. പകരം സീല്‍ ചെയ്യാത്ത, പോളിംഗ് സാമഗ്രികള്‍ സൂക്ഷിച്ച ‘മെറ്റീരിയല്‍ റൂം’ ആണ് തുറന്നത്.
സോഫ്റ്റ്വെയറിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി പോളിംഗ് രേഖകള്‍ പരിശോധിക്കേണ്ടതുണ്ടായിരുന്നു. ഇതിനായാണ് മുറി തുറന്നത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് നടപടികള്‍ നടന്നതെന്നും ആശയക്കുഴപ്പം മൂലമാണ് പരാതി ഉയര്‍ന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഫാത്തിമ തഹ്ലിയയുടെ പ്രതികരണം
തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് റിട്ടേണിംഗ് ഓഫീസര്‍ വിളിച്ച് ഒന്‍പത് മണിക്ക് എത്താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയ പറഞ്ഞു. എന്നാല്‍ 11 മണിയോടെ പ്രതിനിധി എത്തിയപ്പോഴേക്കും മുറി തുറന്നുകഴിഞ്ഞിരുന്നുവെന്നും ഇത് നടപടിക്രമങ്ങളുടെ ലംഘനമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
‘കൃത്യമായ നോട്ടീസ് ഇല്ലാതെ മുറി തുറക്കാന്‍ പാടില്ലെന്ന് അറിയിച്ചിരുന്നു. എന്തിനാണ് തുറക്കുന്നതെന്ന് ബോധ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ അതുണ്ടായില്ല’-ഫാത്തിമ തഹ്ലിയ പ്രതികരിച്ചു. തുറന്ന മുറിക്ക് മുകളില്‍ ‘സ്ട്രോങ്ങ് റൂം’ എന്ന് വ്യക്തമായി എഴുതിയിട്ടുണ്ടെന്ന് ഫാത്തിമ തഹ്ലിയ ചൂണ്ടിക്കാട്ടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തന്നോട് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുകയും ഉള്ളിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്തതായി തഹ്ലിയ പറഞ്ഞു. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ അവിടെ പരിശോധന നടത്താന്‍ തനിക്ക് അവകാശമുണ്ടായിട്ടും ഉദ്യോഗസ്ഥര്‍ അത് നിഷേധിച്ചത് എന്തിനാണെന്ന് അവര്‍ ചോദിച്ചു.
മുറി തുറക്കുന്നതിന് മുന്‍പ് സ്ഥാനാര്‍ത്ഥികള്‍ക്കോ ഏജന്റുമാര്‍ക്കോ ഔദ്യോഗികമായി നോട്ടീസോ ഇ-മെയിലോ നല്‍കിയില്ല. രാവിലെ എട്ടു മണിക്ക് ഫോണിലൂടെ മാത്രം വിവരം അറിയിച്ച് ഒന്‍പത് മണിക്ക് നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. ബിഎസ്എഫ് (BSF) കാവല്‍ നില്‍ക്കേണ്ട അതീവ സുരക്ഷാ മേഖലയായ ‘ഇന്നര്‍ പെരിമീറ്ററില്‍’ ഉദ്യോഗസ്ഥരും പോലീസും കയറിയത് ചട്ടലംഘനമാണ്.
തിരഞ്ഞെടുപ്പ് ഏജന്റ് മറന്നുവെച്ച ഡയറി എടുക്കാനാണ് മുറി തുറന്നതെന്ന ഉദ്യോഗസ്ഥരുടെ വിശദീകരണം യുഡിഎഫ് തള്ളി. വോട്ടെടുപ്പ് കഴിഞ്ഞ് 11 ദിവസത്തിന് ശേഷം ഡയറി എടുക്കാന്‍ വരുന്നത് വിശ്വസിക്കാനാവില്ലെന്ന് നേതാക്കള്‍ പറഞ്ഞു.



