
വൈക്കം: ഉദയനാപുരം പഞ്ചായത്തിൽ പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പഞ്ചായത്ത് മൃഗസംരക്ഷണവകുപ്പിന്റെ സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.
പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴി, താറാവ് വളർത്തൽ കേന്ദ്രങ്ങൾ ഉദ്യോഗസ്ഥർക്കൊപ്പം സന്ദർശിച്ച് ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജുവിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥിതിഗതികൾ വിലയിരുത്തി.
വൈസ് പ്രസിഡന്റ് ബിന്ദു അനിൽകുമാർ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അജിത മധുക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്തംഗം എം.ജി. രഞ്ജിത്ത്, പഞ്ചായത്ത് അംഗങ്ങളായ പി.വി. പുഷ്കരൻ, സൗമ്യാ സതീഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗബാധ സ്ഥിരീകരിച്ച ഉദയനാപുരം 16ാം വാർഡിൽ ഓർശ്ലേം പള്ളിക്ക് സമീപം താമസിക്കുന്ന പി.ഡി. ജോൺ പുത്തൻകരിയുടെയും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കർഷകരുടെയും കോഴി, താറാവ് അടക്കമുള്ള വളർത്തുപക്ഷികളെ കൊന്ന് സംസ്കരിക്കും.
പ്രദേശത്തെ നിരവധി വീടുകളിൽ വീട്ടമ്മമാർ ചെറിയ തോതിൽ താറാവുകളെ വളർത്തുന്നുണ്ട്. ഈസ്റ്റർ, വിഷുവിപണിയോടനുബന്ധിച്ച് കോഴി, താറാവുകൾ ഭൂരിഭാഗവും വിറ്റഴിഞ്ഞതിനാൽ കർഷകർക്ക് കാര്യമായ നഷ്ടമുണ്ടാകില്ല.
രോഗവ്യാപന സാധ്യത തടയുന്നതിനു വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ ജി.രാജു പറഞ്ഞു.
കർഷകർക്കുണ്ടായ നഷ്ടം കളക്ടറുടെയടക്കം ശ്രദ്ധയിൽപ്പെടുത്തി നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.



