കെവിൻ വധക്കേസ്: പത്ത് പ്രതികൾ കുറ്റക്കാർ: കേരളത്തിലെ ആദ്യ ദുരഭിമാന കൊലപാതകം ; വധശിക്ഷ വരെ ലഭിക്കാം: ശിക്ഷയിൽ വാദം 24 ന്
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാന കൊലപാതകമായി പരിഗണിച്ച് വിചാരണ നടത്തിയ കെവിൻ കേസിൽ കെവിന്റെ കാമുകി നീനു ചാക്കോയുടെ സഹോദരൻ ഷാനു ചാക്കോ അടക്കം പത്ത് പ്രതികൾ കുറ്റക്കാർ എന്ന് കോടതി. നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ (ഒന്നാം പ്രതി), നിയാസ് മോൻ (ചിന്നു) (രണ്ടാം പ്രതി), ഇഷാൻ ഇസ്മയിൽ ( മൂന്നാം പ്രതി) , റിയാസ് ഇബ്രാഹിം കുട്ടി (നാലാം പ്രതി), മനു മുരളീധരൻ (ആറാം പ്രതി), ഷിഫിൻ സജാദ് (ഏഴാം പ്രതി), എൻ.നിഷാദ് (എട്ടാം പ്രതി), ടിറ്റു ജെറോം (ഒൻപതാം പ്രതി), ഫസിൽ ഷെരീഫ് (അപ്പൂസ്) (പതിനൊന്നാം പ്രതി), ഷാനു ഷാജഹാൻ (പന്ത്രണ്ടാം പ്രതി), എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ദുരഭിമാന കൊലപാതകമാണ് എന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ആദ്യ അഞ്ച് പ്രതികൾക്ക് വധശിക്ഷ വരെ ലഭിക്കാം. പ്രതികളുടെ ശിക്ഷയിൽ വാദം 24 ന് നടക്കും.
അഞ്ചാം പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോ ജോൺ , ഷിനു ഷാജഹാൻ (പതിമൂന്നാം പ്രതി), റെമീസ് ഷെറീഫ് (പതിനാലാം പ്രതി) അപ്പുണ്ണി ( വിഷ്ണു) ( പത്താം പ്രതി), എന്നിവരെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു.ഇവർക്കെതിരെ ഗൂഡാലോചന തെളിയിക്കാനായില്ല. കേസ് നടത്തിപ്പിൽ താല്പര്യം കാട്ടിയ പ്രത്യേക അന്വേഷണ സംഘത്തലവൻ ഡി വൈ എസ് പി ഗിരീഷ് പി. സാരഥിയെയും , സ്പെഷ്യൽ പബ്ളിക്ക് പ്രോസിക്യൂട്ടർ അഡ്വ.സി.എസ് അജയനെയും കോടതി അഭിനന്ദിച്ചു.
നട്ടാശേരി പ്ലാത്തറ ജോസഫിന്റെ മകൻ കെവിൻ ജോസഫി(24)നെയാണ് 2018 മെയ് 28-ന് കൊലപ്പെടുത്തിയ കേസിലാണ് പ്രതികളെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി സി.ജയചന്ദ്രനാണ് കേസിൽ പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ഐപിസി 302 കൊലപാതകം , 120 ബി ഗൂഢാലോചന, 449 ഭവനഭേദനം, 321 ആക്രമിച്ച് മാരകമായി പരിക്കേൽപ്പിക്കൽ, 342 തടഞ്ഞു വയ്ക്കൽ, 506 രണ്ട് ഭീഷണിപ്പെടുത്തൽ, 427 നാശനഷ്മുണ്ടാക്കൽ, 201 തെളിവുനശിപ്പിക്കൽ, 34 പൊതു ഉദ്ദേശത്തോടെ സംഘംചേരുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കൊലപ്പെടുത്താനായി തട്ടിക്കൊണ്ട് പോയി എന്നതിന് ചുമത്തിയ 364 വകുപ്പ് നില നിൽക്കില്ലെന്ന് കണ്ടെത്തി.
ദളിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ മറ്റൊരു സമുദായത്തിലുള്ള തെന്മലസ്വദേശിനിയായ നീനു എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ വിരോധത്തിൽ പിതാവ് ചാക്കോയും, സഹോദരൻ ഷാനു ചാക്കോയും അടങ്ങിയ സംഘമാണ് കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതെന്നാണ് കേസ്.
കഴിഞ്ഞ ബുധനാഴ്ച വിധി പറയുമെന്ന് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും വിധി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കെവിന്‍ വധക്കേസ് ദുരഭിമാനക്കൊലയാണോ അല്ലെയോ എന്നതില്‍ വ്യക്തത വേണം എന്ന് പറഞ്ഞാണ് ജഡ്ജി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്.
നരഹത്യ ഉൾപ്പടെ 10 വകുപ്പുകളാണ് 14 പ്രതികൾക്കെതിരെ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. 179 സാക്ഷിമൊഴികളും 176 പ്രമാണങ്ങളും കുറ്റപത്രത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
കെവിനെ മനപൂർവ്വമായി പുഴയിലേക്ക് തളളിയിട്ടു കൊന്നുവെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ മനപൂർവ്വമായി തള്ളിയിട്ടതിന് തെളിവില്ലെന്നും കൊലപാതകക്കുറ്റം പിൻവലിക്കണമെന്നും പ്രതിഭാഗം വാദിച്ചു. കേസ് 20ന് പരിഗണിക്കാന്‍ മാറ്റിവച്ചു. ഏപ്രിലിൽ വിചാരണ തുടങ്ങും. വിചാരണക്ക് മുൻപേ നരഹത്യയെന്ന വകുപ്പ് തളളണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം തള്ളി. കേസിൽ 186 സാക്ഷികളും 180 തെളിവുപ്രമാണ രേഖകളുമുണ്ട്.