
വെഞ്ഞാറമൂട്: തിരുവനന്തപുരം വെഞ്ഞാറമൂട് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരിക്ക്. ഗുരുവായൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസാണ് വെഞ്ഞാറമൂടിന് സമീപം അപകടത്തിൽപ്പെട്ടത്.
വെഞ്ഞാറമൂടിൽ പുതുതായി നിർമ്മിച്ച റിംങ് റോഡിൽ പബ്ലിക് മാർക്കറ്റിന് സമീപത്ത് രാത്രി 10.30 മണിയോടെയായിരുന്നു അപകടം.
ചാറ്റൽ മഴയിൽ റോഡിൽ നിന്നും തെന്നിമാറിയ ബസ് ഇലട്രിക് പോസ്റ്റ് തകർത്ത് സമീപത്തെ താഴ്ചയിലേക്ക് ചരിഞ്ഞ് മതിലിൽ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകട സമയത്ത് ബസിൽ 12 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത് ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തെ തുടർന്ന് മേഖലയിൽ വൈദ്യുത ബന്ധം താറുമാറായി.
അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വെഞ്ഞാറമൂട് പൊലീസ്, ഫയർഫോഴ്സ്, കെഎസ്ഇബി അധികൃതർ തുടങ്ങിയവർ സ്ഥലത്ത് എത്തി മേൽ നടപടി സ്വീകരിച്ചു. ബസിന്റെ ബ്രേക്ക് തകരാറായതെന്നാണ് ജീവനക്കാർ പൊലീസിനോട് പറഞ്ഞത്.
ഗുരുവായൂരിൽ നിന്നും ഇവിടെയത്തുന്നത് വരെ ബ്രേക്കിന് തകരാറുണ്ടായില്ലേയെന്ന് പൊലീസുകാർ ജീവനക്കാരോട് ചോദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.



