Spread the love

കണ്ണൂര്‍ പയ്യന്നൂരില്‍ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാര്‍ കത്തിക്കാന്‍ ശ്രമമുണ്ടായി. മാതമംഗലം പേരൂല്‍ സ്വദേശി എംകെ നാരായണന്റെ കാര്‍ അക്രമികള്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിയുന്നു. കാര്‍ ഭാഗികമായി കത്തി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചു നാരായണന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുമായിരുന്നു. ഇന്നലെ ടി പുരുഷോത്തമന്‍ എന്നയാളുടെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു. വീടിന് മുന്നിലുണ്ടായിരുന്ന കാറിന് തീയിട്ടു. വീടിന്റെ ഗ്ലാസ് ജനലുകളും തകര്‍ത്തു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്നാണ് ടി പുരുഷോത്തമന്‍ ആരോപിക്കുന്നത്.

video
play-sharp-fill

അതേസമയം ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂരില്‍ വ്യാപകമായി കള്ളവോട്ട് നടന്നതായി ആരോപണമുയര്‍ന്നിരുന്നു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കള്ളവോട്ട് നടന്നതെന്ന് പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ചും ഉദ്യോഗസ്ഥന്മാരുടെ സഹായത്തോടെയും ആണ് പയ്യന്നൂരില്‍ കള്ളവോട്ട് നടന്നത് എന്നാണ് ആരോപണം. 6,16,19,142 എന്നീ ബൂത്തുകളില്‍ റീ പോളിംഗ് നടത്തണം എന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ചീഫ് ഇലക്ഷന്‍ ഏജന്റ് പരാതി നല്‍കി.