
കൊച്ചി: കെഎസ്‌ആർടിസി ബസില്‍ യാത്ര ചെയ്ത ദമ്പതികളെ പുലർച്ചെ ഡിപ്പോയില്‍ എത്തിക്കാതെ എംസി റോഡില്‍ ഇറക്കിവിട്ടതായി സംഭവത്തില്‍ പരാതി നൽകിയിട്ടും നടപടി എടുക്കാതെ കെഎസ്‌ആര്‍ടിസി.
കാട്ടാക്കട ഡിപ്പോയിലെ എടികെ 104 നമ്പർ ബസിലെ ജീവനക്കാർക്കെതിരെയാണ് ആക്ഷേപം ഉയർന്നത്. ഇന്നലെ പുലർച്ചെ 12.45-ഓടെയായിരുന്നു സംഭവം.
തിരുവനന്തപുരത്ത് നിന്ന് മടങ്ങി വരികയായിരുന്ന മുത്തോലപുരം സ്വദേശികളായ ദമ്പതികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. കൂത്താട്ടുകുളം ഡിപ്പോയില്‍ ഇറങ്ങേണ്ട ഇവരെ ഡിപ്പോയിലേക്ക് പ്രവേശിക്കാതെ ബൈപാസ് ജങ്ഷനില്‍ ഇറക്കിവിടുകയായിരുന്നു. ഡിപ്പോയ്ക്ക് സമീപം ബൈക്ക് പാർക്ക് ചെയ്തിരുന്നതിനാല്‍ അവിടെ ഇറക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ തയ്യാറായില്ലെന്ന് പരാതിയില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈപാസില്‍ നിന്ന് ഡിപ്പോയിലേക്ക് അര കിലോമീറ്ററോളം ദൂരമുണ്ടായിരുന്നു. വിജനമായ റോഡരികില്‍ ഭാര്യയെ നിർത്തിയ ശേഷം യുവാവ് ഡിപ്പോയിലേക്ക് നടന്നുപോയി വാഹനം എടുത്തുകൊണ്ടുവന്നാണ് വീട്ടിലേക്ക് മടങ്ങിയത്. സംഭവത്തില്‍ കെഎസ്‌ആർടിസി അധികൃതർക്ക് പരാതി നല്‍കാനാണ് ദമ്പതികളുടെ തീരുമാനം.
ഡിപ്പോയില്‍ എത്താൻ വൈകിയതിനാലാണ് ബസ് കയറാതിരുന്നതെന്ന് കണ്ടക്ടർ വിശദീകരിച്ചു. ഡിപ്പോയില്‍ കയറാതെ യാത്രക്കാരെ പാതിവഴിയില്‍ ഇറക്കി വിടുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികളാണ് ഉയരുന്നത്. രാത്രി മിന്നല്‍ സർവീസുകള്‍ ഒഴികെയുള്ള എല്ലാ ബസുകളും കൂത്താട്ടുകുളം ഡിപ്പോയില്‍ കയറണമെന്ന നിർദേശം നിലവിലുണ്ടെങ്കിലും ജീവനക്കാരുടെ ഇത്തരം നടപടികള്‍ക്കെതിരെ വിമർശനം ശക്തമാകുന്നു.







