Spread the love

കാഠ്മണ്ഡു: മൗണ്ട് എവറസ്റ്റ് കീഴടക്കാൻ എത്തുന്ന വിനോദസഞ്ചാരികളെ വ്യാജ മെഡിക്കല്‍ അത്യാഹിതങ്ങളില്‍പ്പെടുത്തി കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്.

video
play-sharp-fill

സംഭവവുമായി ബന്ധപ്പെട്ട് ട്രെക്കിംഗ് ഏജൻസികള്‍, ഹെലികോപ്ടർ കമ്പനികള്‍, ആശുപത്രി ജീവനക്കാർ എന്നിവരടങ്ങുന്ന 32 അംഗ സംഘത്തിനെതിരെ നടപടിയെടുത്തിരിക്കുകയാണ് നേപ്പാള്‍ പൊലീസ്. 20 മില്യണ്‍ ഡോളറിന്റെ (ഏകദേശം 165 കോടിയിലധികം രൂപ) വൻ അഴിമതിയാണ് പുറത്തുവന്നിരിക്കുന്നതെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ടു ചെയ്തു.

 

ടൂറിസ്റ്റുകളുടെ ഒപ്പമുള്ള ഗൈഡുകള്‍ ഭക്ഷണത്തില്‍ അമിതമായി ബേക്കിംഗ് സോഡ കലർത്തും. ഇത് സഞ്ചാരികളില്‍ കഠിനമായ വയറുവേദനയും മറ്റ് ദഹനപ്രശ്നങ്ങളും ഉണ്ടാക്കുകയും ഉയരങ്ങളില്‍ അനുഭവപ്പെടുന്ന ‘ആള്‍ട്ടിറ്റ്യൂഡ് സിക്നസ്’ ആണിതെന്ന് വിശ്വസിപ്പിച്ച്‌ സഞ്ചാരികളെ ഭയപ്പെടുത്തുകയും, തുടർന്ന് വൻ തുക ഈടാക്കി ഹെലികോപ്ടർ വഴി രക്ഷാപ്രവർത്തനത്തിന് നിർബന്ധിക്കുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില സാഹചര്യങ്ങളില്‍ ടൂറിസ്റ്റുകളെ സ്വാധീനിച്ച്‌ വ്യാജമായി അസുഖം അഭിനയിപ്പിക്കാറുണ്ടെന്നും, മറ്റു ചിലപ്പോള്‍ അവരുടെ അറിവില്ലാതെ ഭക്ഷണത്തിലോ മരുന്നിലോ മാറ്റങ്ങള്‍ വരുത്തി അവരെ രോഗികളാക്കാറുണ്ടെന്നുമാണ് കാഠ്മണ്ഡു പോസ്റ്റിന്റെ റിപ്പോർട്ട്.

 

19.69 മില്യണ്‍ ഡോളറിന്റെ വ്യാജ ഇൻഷുറൻസ് ക്ലെയിമുകളാണ് നടന്നിരിക്കുന്നത്. തട്ടിപ്പില്‍ ഉള്‍പ്പെട്ട ഒരു കമ്പനി 1,248ഓളം രക്ഷാപ്രവർത്തനങ്ങളില്‍ 171 എണ്ണവും വ്യാജമായി കെട്ടിചമച്ചതാണ്. ഇതിലൂടെ മാത്രം 10 മില്യണ്‍ ഡോളർ കമ്പനി സമ്പാദിച്ചു. ഹെലികോപ്ടർ പറന്നതായും രോഗികള്‍ക്ക് ചികിത്സ നല്‍കിയതായും കാണിക്കാൻ വ്യാജ ബില്ലുകളും മെഡിക്കല്‍ രേഖകളും ഇവർ നിർമ്മിക്കുകയായിരുന്നു.

 

ജനുവരിയില്‍ നടന്ന അന്വേഷണത്തില്‍ മൂന്ന് പ്രമുഖ മൗണ്ടൻ റെസ്‌ക്യൂ സ്ഥാപനങ്ങളുടെ ആറ് ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. 2022നും 2025നും ഇടയില്‍ 300ലധികം വ്യാജ രക്ഷാപ്രവർത്തനങ്ങള്‍ നടന്നതായി പൊലീസ് സ്ഥിരീകരിച്ചു.

 

തുടർച്ചയായുണ്ടാകുന്ന തട്ടിപ്പുകള്‍ മൂലം പല പ്രമുഖ അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനികളും നേപ്പാളിലെ ട്രെക്കിംഗ് ടൂറിസ്റ്റുകള്‍ക്ക് ഇൻഷുറൻസ് പരിരക്ഷ നല്‍കുന്നത് നിർത്തലാക്കി. ഇത് നേപ്പാളിന്റെ ടൂറിസം മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത്തവണ 500ഓളം പേർ എവറസ്റ്റ് കീഴടക്കാൻ എത്തുമെന്നിരിക്കെ, സുരക്ഷാ ക്രമീകരണങ്ങളും പരിശോധനകളും ശക്തമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് നേപ്പാള്‍ സർക്കാർ.