
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാകുമ്പോഴും തലസ്ഥാനത്തെ മുന്‍ മേയറായ ആര്യാ രാജേന്ദ്രനെ പ്രചരണ രംഗത്ത് തഴഞ്ഞു സിപിഎം.
തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണം ബിജെപിയിലേക്ക് പോകാന്‍ ഒരു പരിധിവരെ കാരണക്കാരിയായത് ആര്യയാണെന്ന വിമര്‍ശനം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കിടയിലും ശക്തമാകവേയാണ് അവരെ പാര്‍ട്ടി പ്രചരണ രംഗത്ത് വെറും കാഴ്ച്ചക്കാരിയാക്കുന്നത്. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗമാണ് ആര്യ രാജേന്ദ്രന്‍.
കഴിഞ്ഞ ദിവസം സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ. ബേബി പങ്കെടുത്ത പൂജപ്പുര പൊതുസമ്മേളനത്തില്‍ ആര്യ ആദ്യം എത്തിയിരുന്നെങ്കിലും, വേദിയിലോ മുന്‍നിരയിലോ സ്ഥാനമുണ്ടായിരുന്നില്ല. സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു കാഴ്ചക്കാരിയുടെ റോളില്‍ കുഞ്ഞിനെയും കളിപ്പിച്ചു കൊണ്ട് മേയര്‍ ഒതുങ്ങിക്കൂടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

21-ാം വയസ്സില്‍ ഭരണമേറ്റെടുത്ത ആര്യ രാജേന്ദ്രനെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്നാണ് സിപിഎം കൊട്ടിഘോഷിച്ചത്. ഇത് ഭാവിയില്‍ സിപിഎം അസംബ്ലിയിലേക്ക് വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.
എന്നാല്‍, വിവാദങ്ങളുടെയും അഹങ്കാരത്തിന്റെയും ഭരണകാലമാണ് തലസ്ഥാനം അന്ന് കണ്ടത്. അഞ്ചു വര്‍ഷത്തെ മേയര്‍ ഭരണത്തിന് ശേഷം ആര്യയ്ക്ക് ഇത്തവണ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് പോലും നല്‍കിയിരുന്നില്ല. നിയമസഭയിലേക്ക് പരിഗണിക്കാം എന്നായിരുന്നു പാര്‍ട്ടിയുടെ അന്നത്തെ നിലപാട്. എന്നാല്‍ ബിജെപി ഭരണം പിടിച്ചതോടെ ആ നിലപാടും പാര്‍ട്ടി കൈവിട്ടു.
അങ്ങിനെ ഒതുങ്ങിപ്പോയ മുന്‍ മേയറുടെ പേര് സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ എവിടെയും പരിഗണിച്ചില്ല. പ്രവര്‍ത്തന രംഗത്തും സജീവമായിരുന്നില്ല ആര്യ. ഇന്നലെ പൂജപ്പുരയിലെ പൊതുയോഗ മൈതാനത്ത് കണ്ടു. സ്ഥാനാര്‍ഥി വരും മുന്‍പെ സ്ഥലത്തെത്തി. ഉദ്ഘാടകന്‍ വന്നപ്പോളേക്കും കാഴ്ചക്കാരിയായി മൈതാനത്തെ ഒരു കോണിലേക്ക് മാറി.
മുന്നണിയിലെ പ്രധാന നേതാക്കളൊക്കെ വേദിയിലെത്തി. സി.പി.എം ജില്ലാ കമ്മിറ്റിയംഗം കൂടിയായ മുന്‍ മേയര്‍ അപ്പോളും കസേരയില്‍ പോലും ഇരിക്കാതെ ഒരു മൂലയില്‍ തന്നെയായിരുന്നു. അതേസമയം പാര്‍ട്ടി സെക്രട്ടറിയും പ്രസംഗം കഴിയുന്നത് വരെ ആര്യ അവിടെ നിന്നു. നേമം പ്രകടന പത്രിക പുറത്തിറക്കിയപ്പോഴും കാഴ്ച്ചക്കാരിയായി നിന്നു മുന്‍ മേയര്‍.







