
ജിസാൻ: ശ്വാസകോശ രോഗത്തെ തുടർന്ന് ജിസാനിലെ സൗദി ആംഡ് ഫോഴ്സസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നഴ്സ് അന്തരിച്ചു. പത്തനംതിട്ട റാന്നി നെല്ലിക്കാമൺ കുറിച്ചിപ്പത്തലിൽ വീട്ടിൽ ഷെർളി ഡേവിഡ് ജേക്കബ് (34) ആണ് മരിച്ചത്. ഇതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു.
അസുഖം ഗുരുതരമായതിനെ തുടർന്ന് ഈ മാസം അഞ്ചു മുതൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ചികിത്സയിലിരികെ ഹൃദയാഘാതമുണ്ടാകുകയും ആരോഗ്യനില കൂടുതൽ വഷളാകുകയും ചെയ്തതോടെ ഇന്നലെ വൈകിട്ട് നാലു മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. അബഹ അൽഹയാത്ത് ആശുപത്രിയിൽ നഴ്‌സായ സഹോദരി ഷൈനി ഡേവിഡ് ആശുപത്രിയിൽ ഷെർലിക്കൊപ്പമുണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ എട്ട് വർഷത്തിലധികമായി ജിസാൻ അബുഅരീഷിൽ സൗദി ഡിഫൻസ് ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു.
ഡേവിഡ് ജേക്കബിന്റെയും ശാന്തമ്മയുടെയും മകളായ ഷെർളി വിവാഹിതയാണ്. ഭർത്താവ് ജോബിൻ നാട്ടിലാണ്. അബൂഅരീഷ് ഡിഫൻസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഷെർളിയുടെ മൃതദേഹം നാട്ടിലേക്കയക്കാനുള്ള നിയമനടപടികൾ ആരംഭിച്ചതായി സഹോദരി ഷൈനി അറിയിച്ചു.
ഷെർളിയുടെ അകാല വിയോഗം അബുഅരീഷിലെ സഹപ്രവർത്തകരെയും മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി. ജിസാനിലെ വിവിധ പ്രവാസി സംഘടനകൾ ഷെർളിയുടെ വിയോഗത്തിൽ അനുശോചിച്ചു.



