ഏറ്റുമാനൂരിൽ കൊമ്പുകോർക്കുന്നത് വികസനവും വീഴ്ചയും: സർക്കാരിന്റെ വികസനം ഉയർത്തിക്കാട്ടി വാസവൻ: വീഴ്ചയും സ്വർണ കൊള്ളയും ചർച്ചയാക്കി നാട്ടകം സുരേഷ്: 49 വര്‍ഷത്തിനു ശേഷം കോണ്‍ഗ്രസും സി.പി.എമ്മും നേരിട്ട് ഏറ്റുമുട്ടുന്നു

Spread the love

കോട്ടയം : നീണ്ട 49 വര്‍ഷത്തിനു ശേഷം കോണ്‍ഗ്രസും സി.പി.എമ്മും നേരിട്ട് ഏറ്റുമുട്ടുന്ന ഏറ്റുമാനൂര്‍ മണ്ഡലം.
ഏറ്റുമാനൂര്‍ നഗരസഭയും, കുമരകം, അയ്മനം, ആര്‍പ്പൂക്കര, തിരുവാര്‍പ്പ്, നീണ്ടൂര്‍, അതിരമ്പുഴ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് മണ്ഡലം.

video
play-sharp-fill

ഏറ്റുമാനൂര്‍ നഗരസഭയും, അതിരമ്പുഴ, നീണ്ടൂര്‍, ആര്‍പ്പൂക്കര, പഞ്ചായത്തുകളും യു.ഡി.എഫാണു ഭരിക്കുന്നത്. തിരുവാര്‍പ്പ് എല്‍.ഡി.എഫും അയ്മനം എന്‍.ഡി.എയും ഭരിക്കുന്നു. കുമരകത്ത് സി.പി.എം വലിയ ഒറ്റക്കക്ഷിയാണെങ്കിലും പ്രസിഡന്റ് യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്രനാണ്.

നിയമസഭയിലേക്കു നിലവിലെ എം.എല്‍.എകൂടിയായ സി.പി.എമ്മിന്റെ വി.എന്‍. വാസവനാണ് എല്‍ഡിഎഫ് സ്ഥാനാർഥി, യു.ഡി.എഫ് കളത്തിലിറക്കിയതു ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിനെയും. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ആദ്യം പ്രഖ്യാപിച്ച നടി വീണാനായര്‍ക്കു വോട്ടില്ലാതെ വന്നതോടെ മറ്റൊരു സെലിബ്രിറ്റിയായ ആതിരയ്ക്കു നറുക്കു വീഴുകയായിരുന്നു.
ശബരിമല സ്വര്‍ണ കൊള്ളയും കോട്ടയം മെഡിക്കല്‍ കോളജിന്റെ വീഴ്ചയും വികസനവുമാണ് മണ്ഡലത്തിലെ ചര്‍ച്ചകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേവസ്വം മന്ത്രികൂടിയായ വാസവന്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണു ശബരിമല സ്വര്‍ണ കൊള്ള ആരോപണം. ശബരിമല സീസണ്‍ ഭംഗിയായി നടത്തി പേരുടുത്തു, അയ്യപ്പ സംഗമം നടത്തി എന്‍.എസ്.എസിനെ ഉള്‍പ്പടെ പങ്കെടുപ്പിച്ചു. ഇങ്ങനെ മകിച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് ഇടുത്തീ പോലെ സ്വര്‍ണ കൊള്ള ആരോപണം ഉയരുന്നത്.

വാസവന്‍ രാജിവെക്കണമെന്നാണു കോണ്‍ഗ്രസ് നിരന്തരം ആവശ്യപ്പെട്ടിരുന്നത്. ഇതിനിടെ മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണു രോഗിയുടെ അമ്മ മരിച്ചതുമെല്ലാം മണ്ഡലത്തില്‍ യു.ഡി.എഫ് ചര്‍ച്ചയാക്കുന്നു.

എല്ലാ വിഭാഗക്കാരുമായുള്ള അടുത്ത ബന്ധവും, സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടി വി.എന്‍.വാസവന്‍ മണ്ഡലത്തില്‍ സജീവ പ്രചാരണത്തിലാണ്. 500 കോടിയുടെ വികസനമാണു കോട്ടയം മെഡിക്കല്‍ കോളജില്‍ മാത്രം സാധ്യമായത്. ഇതെല്ലാം നേട്ടങ്ങളായി വാസവന്‍ ഉയര്‍ത്തിക്കാട്ടുന്നു.

സ്വര്‍ണ കൊള്ള ആരോപണത്തില്‍ സര്‍ക്കാര്‍ അയ്യപ്പ സംഗമം നടത്തിയതു കൊണ്ടു പുറത്തു വന്നതാണെന്നാണ് എല്‍.ഡി.എഫ് പറയുന്നത്. അയ്യപ്പ സംഗമത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പങ്കെടുപ്പിച്ചിരുന്നില്ല. ഇതിനു പകരം ചോദിച്ച്‌ അയ്യപ്പ സംഗമം പൊളിക്കാനാണു ദ്വാര പാലക ശില്‍പത്തിന്റെ പീഠത്തിന്റെ പാളി കാണുന്നില്ലെന്ന ആരോപണം പോറ്റി ഉയര്‍ത്തിയത്. ഒടുവില്‍ ആരോപണം ഉയര്‍ത്തിയ പോറ്റി തന്നെ കുടുങ്ങി. പല തട്ടിപ്പുകളും പുറത്തുവന്നു. പോറ്റിയെ കേറ്റിയതു യു.ഡി.എഫ് കാലത്താണെന്നും എല്‍.ഡി.എഫ് ആരോപിക്കുന്നു.

മണ്ഡലത്തിലെ പുതുമുഖമായ എൻ ഡി എ സ്ഥാനാർഥി ആതിര ഡി നായര്‍ കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞാണ് വോട്ട് അഭ്യര്‍ഥിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ പേരുമാറ്റി ഉപയോഗിക്കുന്നു എന്നും ആതിര ആരോപിക്കുന്നു. 25 കാരിയായ ആതിര ഏറ്റവും പ്രായം കുറഞ്ഞ എൻ.ഡി.എ സ്ഥാനാര്‍ഥിയാണ്. സംഗീതജ്ഞതയും നര്‍ത്തകിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമാണ്.