
ദില്ലി: ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം തുടരുമ്പോള്‍ യുഎസില്‍ നിന്ന് എല്‍പിജിയുമായി ടാങ്കറുകള്‍ ഇന്ത്യയില്‍ എത്തി തുടങ്ങി. റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ടാങ്കറും മംഗ്ലൂരു തുറമുഖത്ത് എത്തി.
മംഗ്ലൂരു തുറമുഖത്ത് എത്തിയ പൈക്സിസ് പയനിയർ എന്ന എല്‍പിജി ടാങ്കറില്‍ 16714 ടണ്‍ എല്‍പിജിയാണ് ആകെയുള്ളത്. രാജ്യത്തിനകത്തെ എല്‍പിജി ഉത്പാദനം നാല്പതു ശതമാനം ഉയർന്നു. ഇന്നലെ റഷ്യയില്‍ നിന്നുള്ള അക്വ ടൈറ്റൻ എന്ന ക്രൂഡ് ഓയില്‍ ടാങ്കറും മംഗ്ലൂരുവില്‍ എത്തിയിരുന്നു. ചൈനയിലേക്ക് പോകുകയായിരുന്ന ക്രൂഡ് ഓയില്‍ ടാങ്കറാണ് റഷ്യ ഇന്ത്യയിലേക്ക് അയച്ചത്.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ഊർജ്ജ നീക്കം നിലച്ചതോടെ റഷ്യ, യുഎസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് എല്‍പിജി എത്തിക്കാൻ ഇന്ത്യ ശ്രമം തുടങ്ങിയിരുന്നു. ഇതിനിടെ പശ്ചിമേഷ്യയിലെ സംഘർഷം പരിഹരിക്കാൻ എല്ലാ രാജ്യങ്ങളും ഉള്‍ക്കൊള്ളുന്ന സുരക്ഷ ചട്ടക്കൂട് എന്ന നിർദ്ദേശം ഇറാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടുതല്‍ എല്‍പിജി ടാങ്കറുകള്‍ വരും ദിവസങ്ങളില്‍ ഇന്ത്യയിലെത്തും. സ്ഥിതി മെച്ചപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള വാണിജ്യ സിലിണ്ടർ വിതരണം ഇരുപത് ശതമാനം കൂട്ടാൻ ഇന്നലെ കേന്ദ്രം തീരുമാനിച്ചിരുന്നു. അതിഥി തൊഴിലാളികള്‍ക്ക് 5 കിലോ സിലിണ്ടറുകള്‍ ലഭ്യമാക്കാനും കേന്ദ്രം നിർദ്ദേശം നല്കി. പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കാനുള്ള ഏത് ശ്രമത്തിനും പിന്തുണ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഇറാൻ പ്രസിഡൻറ് മസൂദ് പെസഷ്തിയനെ അറിയിച്ചിരുന്നു.



