
കോഴിക്കോട്: പെരുവയൽ ഗ്രാമപഞ്ചായത്തിലെ എരഞ്ഞിക്കലിൽ കൂടുതൽ പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം നടത്തിയ സാംപിൾ പരിശോധനയിൽ 12 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.
പെരുവയൽ പഞ്ചായത്തിലെ കുറ്റിക്കാട്ടൂർ ആനക്കുഴിക്കര ഭാഗത്ത് ഷിഗെല്ല ബാധിച്ച് അങ്കണവാടി വിദ്യാർഥി (മൂന്നര വയസ്സ്) മരിച്ച സാഹചര്യത്തിലാണ് രോഗലക്ഷണം കണ്ടെത്തിയവരിൽ നിന്ന് സാംപിളുകൾ ശേഖരിച്ചത്.
നേരത്തേ രോഗം സ്ഥിരീകരിച്ചവരുടെ ബന്ധുക്കളിൽ ആണ് കൂടുതലും രോഗലക്ഷണങ്ങൾ കണ്ടത്. 34 പേർക്കാണ് രോഗലക്ഷണങ്ങൾ ഉള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടുതൽ പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ പെരുവയൽ ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
രോഗം സ്ഥിരീകരിച്ച പൂവാട്ടുപറമ്പ് എരഞ്ഞിക്കൽ ഭാഗത്തും പരിസര പ്രദേശങ്ങളിലുമാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നത്.
നേരത്തേ രോഗം ബാധിച്ചു മരിച്ച കുട്ടി ഉൾപ്പെടെ നാല് പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതിൽ രണ്ടു കുട്ടികൾ മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരു കുട്ടി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
അതിനുശേഷം നടത്തിയ പരിശോധനയിലാണ് മറ്റ് പന്ത്രണ്ട് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ മറ്റ് ചിലരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ സാംപിളുകൾ ശേഖരിച്ച് പരിശോധന നടത്തുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
ഷിഗെല്ല കൂടുതൽ പേർക്ക് സ്ഥിരീകരിച്ചതോടെ എരഞ്ഞിക്കൽ അങ്കണവാടിയിൽ ആരോഗ്യ വിഭാഗവും ആശാപ്രവർത്തകരും ഗ്രാമ പഞ്ചായത്ത് അധികൃതരും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി ക്യാംപ് ആരംഭിച്ചു.
ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകൾ തോറും കയറിയിറങ്ങി കിണറുകൾ ക്ലോറിനേഷൻ നടത്തി.
ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ ഭക്ഷണ സാധനങ്ങളും പാനീയങ്ങളും വിൽക്കുന്ന കടകളിൽ പരിശോധനകളും ആരംഭിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച മൂന്ന് കടകൾ അടച്ചുപൂട്ടാൻ നിർദേശം നൽകി.



