
തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥി ചർച്ചകൾ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴും അനുനയത്തിന് വഴങ്ങാതെ കെ സുധാകരൻ എം പി. അനുനയ ശ്രമത്തിന്റെ ഭാഗമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കെ സുധാകരനെ വീണ്ടും ഫോണിൽ വിളിച്ചു.
മാധ്യമങ്ങളോട് പ്രതികരിക്കരുത് എന്നും ഡൽഹിയിലേക്ക് വരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ അനുനയത്തിന് വഴങ്ങാത്ത സുധാകരൻ താൻ മത്സരത്തിൽ നിന്നും പിന്നോട്ടില്ല എന്ന ഉറച്ച നിലപാടിലാണ്.
നിലവിൽ കണ്ണൂരിലെ വീട്ടിലാണ് സുധാകരൻ ഉള്ളത്. പല ജില്ലകളിൽ നിന്നുള്ള സുധാകരന്റെ അനുയായികൾ കണ്ണൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രവർത്തകരെ പ്രകോപിപ്പിച്ച് തെരുവിൽ ഇറക്കരുത് എന്നും രമേശ് ചെന്നിത്തല സുധാകരനോട് ആവശ്യപ്പെട്ടതായാണ് വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുൽ ഗാന്ധി വിളിച്ച കൂടിക്കാഴ്ചയ്ക്കായി ഡൽഹിയിലേക്ക് വരാനും സുധാകരനോട് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ സീറ്റ് ഉണ്ടെങ്കിൽ മാത്രം ഡൽഹിക്ക് എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സുധാകരൻ.
അതേസമയം, ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടതില്ലെന്നും കെ സുധാകരനെ സ്ഥാനാർത്ഥിയാക്കാമെന്ന് ഉറപ്പ് കൊടുക്കാൻ കഴിയുന്ന വലിയ നേതാവല്ല താനെന്നുമാണ് കഴിഞ്ഞ ദിവസം കെ സുധാകരൻ പ്രതികരിച്ചത്.



