
ആലപ്പുഴ: ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചതിന് കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍. ഈ മാസം അഞ്ചാം തീയതിയാണ് സംഭവം.
രാവിലെ ആറേകാലോടു കൂടി കൃഷ്ണപുരം കാപ്പില്‍ സ്വദേശിനിയായ യുവതിയുടെ കഴുത്തില്‍ നിന്നും ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുക്കുവാൻ ശ്രമിച്ച കേസിലാണ് കുപ്രസിദ്ധ മോഷ്ടാക്കളായ കൊല്ലം ജില്ലയില്‍ ഇരവിപുരം വാളത്തുംഗല്‍ പെരുമാൻതൊടി അല്‍ത്താഫ് മൻസിലില്‍ ‘മെന്റല്‍ അപ്പു’ എന്ന് വിളിക്കുന്ന അല്‍ത്താഫ് (27), കൊല്ലം ജില്ലയില്‍ ഇരവിപുരം വടക്കേവിള മണക്കാട് ന്യൂ നഗറില്‍ തൊടിയില്‍ വീട്ടില്‍ തൗഫീഖ് (22) എന്നിവരെയാണ് കായംകുളം പോലീസ് ഇരവിപുരത്തു നിന്നും പിടികൂടിയത്.
കരീലക്കുളങ്ങര സ്‌പിന്നിംഗ് മില്ലിലെ ജീവനക്കാരിയായ യുവതി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ പ്രതികള്‍ യുവതിയെ നമ്ബർ പ്ലേറ്റില്ലാത്ത മോട്ടോർ സൈക്കിളില്‍ പിന്തുടർന്ന് കായംകുളം സെന്റ്. മേരീസ് സ്കൂളിന് മുൻവശം വെച്ച് രണ്ടാം പ്രതി യുവതിയുടെ പുറത്തും കഴുത്തിലുമായി കൈ കൊണ്ട് അടിച്ച് വേദനിപ്പിച്ച് കഴുത്തില്‍ കിടന്ന സ്വർണ്ണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുയായിരുന്നു.
യുവതി മാലയില്‍ പിടിച്ചതോടെ കൊളുത്ത് അകന്ന് മാല വസ്ത്രത്തിനുള്ളിലേക്ക് വീഴുകയും, അടി കൊണ്ട യുവതി സ്കൂട്ടർ മറിഞ്ഞ് താഴെ വീഴുന്നത് കണ്ട് ആള്‍ക്കാർ ഓടി വന്ന തക്കംനോക്കി പ്രതികള്‍ മോട്ടോർ സൈക്കിളില്‍ രക്ഷപ്പെടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറിഞ്ഞു വീണതില്‍ യുവതിക്ക് കൈക്കും കാലിനും പരിക്ക് പറ്റിയിരുന്നു. നാല് ദിവസം കൊണ്ട് കായംകുളം മുതല്‍ കൊല്ലം വരെ 250 ഓളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് ഹെല്‍മെറ്റ് ധരിച്ചിരുന്ന പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. കായംകുളത്ത് മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുന്നതിന് മുമ്ബ് പ്രതികള്‍ അമ്ബലപ്പുഴയില്‍ വച്ച് നടന്നു പോയ ആളിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചു പറിച്ചെടുത്തിരുന്നു. ഈ മൊബൈല്‍ ഫോണ്‍ പ്രതികളില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഒന്നാം പ്രതിയായ അല്‍ത്താഫ് ഇരവിപുരം, കൊല്ലം വെസ്റ്റ്, കൊട്ടിയം , വർക്കല തുടങ്ങിയ സ്റ്റേഷനുകളില്‍ മോഷണം, അടിപിടി കേസുകളില്‍ പ്രതിയും, 2023 ല്‍ കാപ്പാ നിയമപ്രകാരം നടപടി നേരിട്ട ആളുമാണ്. രണ്ടാം പ്രതിയായ തൗഫീഖ് കിളികൊല്ലൂർ, പോത്തൻകോട്, കരീലക്കുളങ്ങര, ചവറ, കഴക്കൂട്ടം, കൊല്ലം വെസ്റ്റ്, കരുനാഗപ്പളളി തുടങ്ങിയ സ്റ്റേഷനുകളില്‍ മോഷണം, മയക്കുമരുന്ന് വിപണനം മുതലായ കേസുകളില്‍ പ്രതിയാണ്.
ആലപ്പുഴ നാർക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. പങ്കജാക്ഷൻ, കായംകുളം ഡിവൈഎസ്പി. ബിനുകുമാർ എന്നിവരുടെ മേല്‍നോട്ടത്തില്‍ കായംകുളം സിഐ. അരുണ്‍ ഷാ, എസ്‌ഐ. പ്രേംജിത്ത് കുമാർ, പോലീസുകാരായ അഖില്‍ മുരളി, നിഷാദ്, അരുണ്‍, അതുല്ല്യ മോള്‍, ആലപ്പുഴ നാർക്കോട്ടിക് സെല്ലിലെ പോലീസുകാരായ ഇയാസ്, മണിക്കുട്ടൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



