
കുമരകം: കുമരകം പഞ്ചായത്തിലെ എട്ടാം വാർഡിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം സൗത്ത് ലോക്കൽ കമ്മിറ്റി അംഗം പി.ജി. പ്രവീൺ നൽകിയ തിരഞ്ഞെടുപ്പ് ഹർജി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് എട്ടാം വാർഡ് പഞ്ചായത്ത് അംഗം നീതു റെജി പറഞ്ഞു.
എട്ടാം വാർഡിലെ തുടർച്ചയായ തോൽവിയിൽ നിന്നുള്ള നിരാശയാണ് ഇത്തരം നടപടികളിലേക്ക് നയിച്ചതെന്നും അവർ ആരോപിച്ചു. 40 വർഷത്തോളം ഇടതുപക്ഷത്തെ വിജയിപ്പിച്ചിരുന്ന പൊങ്ങലക്കരി പ്രദേശത്ത് യാതൊരു വികസന പ്രവർത്തനങ്ങളും നടത്താതെ അവിടുത്തെ ജനങ്ങളെ അവഗണിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചതെന്നും ഇതിലുള്ള ജനങ്ങളുടെ പ്രതിഷേധത്തിന്റെ ഫലമായി 2015-ൽ ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിച്ചു.
തുടർന്ന് 2020-ലും 2025-ലും ബിജെപി സ്ഥാനാർത്ഥികളാണ് തുടർച്ചയായി വിജയിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി.
സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി എൽ.ഡി.എഫിൽ ഉണ്ടായ രൂക്ഷമായ ചേരിപോരിന്റെ ഫലമായി വിമത സ്ഥാനാർത്ഥി മത്സരിക്കുന്ന സാഹചര്യം ഉണ്ടായി. ഇതിന്റെ തുടർച്ചയായി ഇപ്പോഴും പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ നിലനിൽക്കുകയാണെന്നും അവ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തെ ഹർജിയെന്നും നീതു റെജി ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന സമയത്ത് ഈ വാദങ്ങൾ ഉന്നയിക്കാതിരുന്നതിന് ശേഷം കേസുമായി വരുന്നത് ജനാധിപത്യ വിശ്വാസികളെ പരിഹസിക്കുന്നതിന് തുല്യമാണെന്നും അവർ പറഞ്ഞു.
ജനങ്ങൾ നൽകിയ വിശ്വാസം കാത്തുസൂക്ഷിച്ച് പൊങ്ങലക്കരി വാർഡിന്റെ വികസനത്തിനായി മികച്ച പ്രവർത്തനങ്ങൾ തുടരുമെന്നും കേസ് നിയമപരമായി നേരിടുമെന്നും പഞ്ചായത്ത് അംഗം നീതു റെജി അറിയിച്ചു.







