
ന്യൂസിലാൻഡിനെതിരായ ട്വന്റി 20 ഫൈനലില്‍ സഞ്ജു സാംസണിന്റെ പ്രകടനത്തിലും പ്ലെയർ ഓഫ് ദ ടൂർണമെന്റായി സഞ്ജുവിനെ തിരഞ്ഞെടുത്തതിലും വലിയ സന്തോഷമെന്ന് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്.
ഏറ്റവും അടുത്ത സുഹൃത്തെന്ന നിലയില്‍ അഭിമാനം തോന്നുന്നുവെന്നും ബേസില്‍ കൂട്ടിച്ചേർത്തു. ഇന്നത്തെ മത്സരത്തേക്കാളും സന്തോഷം തോന്നിയത് വെസ്റ്റീൻഡിസിനെതിരായ കളിയിലാണ്. അന്ന് ചേസ് ചെയ്‌തെടുത്തത് ഒരു രക്ഷയുമില്ലെന്നും ബേസില്‍ പറഞ്ഞു.
അഹമ്മദാബാദില്‍ നടന്ന ഫൈനലിന് ശേഷം സ്റ്റേഡിയത്തിന് പുറത്ത് നിന്ന് ഒരു ചാനലിനോടായിരുന്നു ബേസിലിന്റെ പ്രതികരണം. സഞ്ജുവിന്റെ പേരിലുള്ള ഒമ്പതാം നമ്പർ ജേഴ്സി അണിഞ്ഞായിരുന്നു ബേസില്‍ കളികാണാൻ എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഞ്ജുവിനെയും ക്രിക്കറ്റിനെയും ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ യാത്ര നമ്മള്‍ കണ്ടതാണല്ലോ. തിരുവനന്തപുരത്തെ കളിക്ക് ശേഷം എല്ലാവരും തള്ളിപ്പറയുന്ന പോലെയായിരുന്നല്ലോ? ഇപ്പോള്‍ എല്ലാവരും ആഘോഷിക്കുന്നു. എല്ലാം മാറിമറയും. അങ്ങനെയാണ് എല്ലാം.
കഴിഞ്ഞ ന്യൂസിലൻഡ് പര്യടനത്തിന്റെ സമയത്ത് മോശംഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്. ഈ സമയത്ത് ഫോണില്‍ വിളിച്ച് സംസാരിച്ചോ, ഉപദേശം നല്‍കിയോ എന്ന ചോദ്യത്തിന്, ബേസില്‍ ചിരിച്ചുകൊണ്ട് പറഞ്ഞ മറുപടി ഇങ്ങനെയാണ്, അന്ന് കൊടുത്ത ഉപദേശങ്ങള്‍ അതേ പോലെ നടപ്പാക്കിയിരിക്കുന്നു. എന്റെ ഉപദേശം ഒന്നും വെറുതെയായില്ല.







