
തിരുവനന്തപുരം: അരുവിക്കര സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥി ആദിത്യന്റെ (19) മരണത്തില്‍ ദുരൂഹത.
ബംഗളൂരുവിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആദിത്യന്റെ മരണത്തില്‍ കർണാടക പൊലീസും കോളേജ് അധികൃതരും ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി കുടുംബം.
ആദിത്യൻ പഠിച്ചിരുന്ന കോളേജ് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അടുത്ത ബന്ധുവിന്റേതാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഈ ഉന്നതതല രാഷ്ട്രീയ ബന്ധം കാരണമാണ് കർണാടക പൊലീസ് പ്രതികളെ ചോദ്യം ചെയ്യാനോ അന്വേഷണം നടത്താനോ തയ്യാറാകാത്തതെന്ന് കുടുംബം ആരോപിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വക്കീലുമായി എത്തിയപ്പോള്‍ മാത്രമാണ് പൊലീസ് പരാതി സ്വീകരിക്കാൻ പോലും തയ്യാറായതെന്നും ആദിത്യന്റെ പിതാവ് വെളിപ്പെടുത്തി. ആദിത്യൻ അപകടത്തില്‍പ്പെട്ടുവെന്നാണ് കോളേജ് അധികൃതർ ആദ്യം പിതാവിനെ വിളിച്ചു പറഞ്ഞത്.
നാലുപേർ താമസിക്കുന്ന ഹോസ്റ്റല്‍ മുറിയിലല്ല, മറിച്ച് പുറത്തുനിന്നും പൂട്ടിയ നിലയിലുള്ള തൊട്ടടുത്തുള്ള ഒരു ഇരുട്ടുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
സന്തോഷ് പാണ്ഡെ എന്ന അധ്യാപകൻ ആദിത്യനെ പെണ്‍കുട്ടികളടക്കമുള്ള മറ്റ് വിദ്യാർത്ഥികളുടെ മുന്നില്‍ വെച്ച് മയക്കുമരുന്ന് ഉപയോഗിച്ചു എന്ന് പറഞ്ഞ് അപമാനിച്ചതായി കുടുംബം പറയുന്നു. ഈ അധ്യാപകനെതിരെ മുൻപും സമാനമായ പരാതികള്‍ ഉയർന്നിട്ടുള്ളതായി സഹപാഠികള്‍ സൂചിപ്പിക്കുന്നു.
ആദിത്യന്റെ മരണം ഒരു കുടുംബപ്രശ്നമാക്കി തീർക്കാനാണ് കോളേജ് മാനേജ്മെന്റ് ശ്രമിക്കുന്നതെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. മരണപ്പെട്ട സഹപാഠിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും മറ്റ് വിദ്യാർത്ഥികളെ കോളേജ് അധികൃതർ വിലക്കിയതായും ആരോപണമുണ്ട്.
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലാത്തത് വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.







