
കോട്ടയം: ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശബരി റെയില്‍പാതയുടെ സ്ഥലമെടുപ്പ് പുനരാരംഭിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതോടെ കാല്‍നൂറ്റാണ്ടിലേറെയായി സ്ഥലം വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ കഴിയാതിരുന്ന സ്ഥലം ഉടമകള്‍ ശുഭ പ്രതീക്ഷയില്‍.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, ആലുവ താലൂക്കുകളിലും ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലും സ്ഥലമെടുപ്പ് പുനരാരംഭിക്കാനുള്ള ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്.
അംഗീകൃത അലൈന്മെന്റ് അനുസരിച്ച് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളെടുക്കാന്‍ കഴിഞ്ഞദിവസം റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി അബ്ദുറഹ്മാന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം തീരുമാനിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
25 വര്‍ഷം മുമ്പ് അങ്കമാലി മുതല്‍ രാമപുരം സ്റ്റേഷന് വരെയുള്ള 70 കിലോമീറ്റര്‍ പ്രദേശത്തെ സ്ഥലങ്ങളില്‍ സര്‍വേ നടത്തി കല്ലിട്ടു പോയതാണ്.
അന്നു മുതല്‍ ഇന്നു വരെ ഉടമകള്‍ക്ക് സ്ഥലം വില്‍ക്കാനോ വീടു നിര്‍മിക്കാനോ സ്ഥലം ഈടുനല്‍കി വായ്പ എടുക്കാനോ കഴിയാതെ കഷ്ടപ്പെടുകയായിരുന്നു. സ്ഥലം ഏറ്റെടുക്കല്‍ ഉദ്യോഗസ്ഥര്‍ക്ക് ഏറെ വെല്ലുവിളിയായിരിക്കും. മുമ്പ് അളന്നിട്ട കല്ലുകളുടെ സ്ഥാനം മാറാനും ക്രിയവിക്രയം ചെയ്തിരിക്കാനും സാധ്യതയയേറെയാണ്.
അതിനാല്‍ വീണ്ടും റെയില്‍വേയും റവന്യു വകുപ്പും സംയുക്ത പരിശോധന നടത്തേണ്ടിവരും. സാമൂഹികാഘാത പഠനവും വീണ്ടും നടത്തേണ്ടിവരും. തുടര്‍ന്നായിരിക്കും സ്ഥലവില നിര്‍ണയിച്ച് ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്കാന് നടപടിയുണ്ടാകുക.
കോട്ടയം-ഇടുക്കി അതിര്‍ത്തായ നെല്ലാപ്പാറയില്‍ റെയില്‍വേ ലൈന്‍ കടന്നുപോകാന്‍ ടണല്‍ നിര്‍മിക്കേണ്ടിവരും. നെല്ലാപ്പാറ ഹെയര്‍പിന്‍ വളവുള്ള സ്ഥലത്തുനിന്ന് ഒരു കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ടണല്‍ കുറിഞ്ഞിവരെ നീളും.



