
തിരുവനന്തപുരം: ഇറാൻ-ഇസ്രായേല്‍ യുദ്ധസാഹചര്യവും പശ്ചിമേഷ്യയിലെ അശാന്തിയും ആഭ്യന്തര വിപണിയില്‍ പാചക എണ്ണവില വർദ്ധിപ്പിക്കുന്നു.
പൊതുവെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സണ്‍ഫ്ലവർ ഓയിലിന് ഒരാഴ്ചയ്ക്കിടെ ലിറ്ററിന് 4 മുതല്‍ 5 രൂപ വരെയാണ് വർദ്ധിച്ചത്.
സണ്‍ഫ്ലവർ – റൈസ് ബ്രാൻ ഓയില്‍ മിശ്രിതങ്ങള്‍ക്ക് ലിറ്ററിന് 10 രൂപ വരെ വില ഉയർന്നിട്ടുണ്ട്. ഇറക്കുമതി തടസ്സപ്പെടുമെന്ന ആശങ്കയും രാജ്യാന്തര വിപണിയിലെ വിലക്കയറ്റവുമാണ് തിരിച്ചടിയാകുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മഹാരാഷ്ട്രയും ആന്ധ്രയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സൂര്യകാന്തി ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും രാജ്യത്ത് സണ്‍ഫ്ലവർ ഓയില്‍ ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്നത് കർണാടകമാണ്.
എന്നാല്‍ ആ ഉത്പാദനം രാജ്യമെങ്ങും ആവശ്യക്കാരുള്ള സണ്‍ ഫ്ലവർ ഓയില്‍ ഉപയോഗത്തിന് ആനുപാതികമല്ല. അതുകൊണ്ടുതന്നെ നമുക്കാവശ്യമുള്ള സൂര്യകാന്തി എണ്ണയുടെ നല്ലൊരു ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.
യുക്രെയ്ൻ, റഷ്യ, അർജന്റീന, ബള്‍ഗേറിയ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി. ഈ ഇറക്കുമതിയെ യുദ്ധം ബാധിച്ച് തുടങ്ങിയിരിക്കുന്നു എന്നാണ് വിപണിയിലെ പ്രതിഫലനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
ഒരാഴ്ച മുൻപ് വരെ അതായത് യുദ്ധം തുടങ്ങും മുൻപ് ബെംഗളൂരുവില്‍ ഒരു ലിറ്റർ സണ്‍ഫ്ലവർ ഓയില്‍ 161 രൂപയ്ക്ക് ലഭിക്കുമായിരുന്നു. എന്നാലിന്ന് അത് 165 രൂപയായി ഉയർന്നിട്ടുണ്ട്. ഏതെങ്കിലും ഒരു ബ്രാൻഡിനെയല്ല, മറിച്ച് സൂര്യകാന്തി എണ്ണയെ ആകെയാണ് വിലക്കയറ്റം ബാധിച്ചിരിക്കുന്നത് എന്ന് വിപണിയിലെ വിലനിരവാരത്തില്‍ നിന്ന് വ്യക്തമാകും.
സൂര്യകാന്തി എണ്ണയ്ക്കൊപ്പം തവിടെണ്ണ പോലുള്ളവ കൂട്ടിക്കലർത്തിയുള്ള എണ്ണയും ഇന്ന് വിപണിയിലുണ്ട്. സഫോള ഗോള്‍ഡ് പോലുള്ള അത്തരം എണ്ണയ്ക്ക് ലിറ്ററിന് 11 രൂപ വരെയാണ് വില കൂടിയിരിക്കുന്നത്. വരും നാളുകളില്‍ ബ്ലെൻഡഡ് ഓയിലിനും സൂര്യകാന്തി എണ്ണയ്ക്കും 10 മുതല്‍ 20 രൂപ വില ഇനിയും ഉയരാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.



