ജി. സുധാകരൻ തന്റെ പരിഭവം ഫേസ്ബുക് പോസ്റ്റിലൂടെ പ്രകടിപ്പിച്ചതാണെന്നും അദ്ദേഹത്തില്‍നിന്ന് പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും ഉണ്ടാവില്ലെന്നും സി പി എം ജനറൽ സെക്രട്ടറി എം.എ. ബേബി: ചില പ്രയോഗത്തിലുള്ള പരിഭവം അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ പ്രകടിപ്പിച്ചതാണന്നും എം.എ.ബേബി.

Spread the love

തിരുവനന്തപുരം : മുതിർന്ന നേതാവ് ജി സുധാകരൻ മെമ്പർഷിപ് പുതുക്കില്ലെന്ന് തുറന്നു പറഞ്ഞതില്‍ പ്രതികരിച്ച്‌ .സി.പി.എം ജനറൽ
സെക്രട്ടറി എം.എ. ബേബി. ജി. സുധാകരൻ തന്റെ പരിഭവം ഫേസ്ബുക് പോസ്റ്റിലൂടെ പ്രകടിപ്പിച്ചതാണെന്നും അദ്ദേഹത്തില്‍നിന്ന് പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും ഉണ്ടാവില്ലെന്നും എം.എ. ബേബി പറഞ്ഞു. സുധാകരന്റെ അനുഭവ സമ്പത്തും കഴിവും എല്ലാം സിപിഎമ്മിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് സഹായകമായ വിധത്തില്‍ അദ്ദേഹം ഉപയോഗിക്കും എന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

video
play-sharp-fill

‘നിങ്ങളെല്ലാം കൂടി എഴുതിയും പറഞ്ഞും ചിത്രീകരിച്ചും അവതരിപ്പിക്കാൻ ശ്രമിക്കുന്നത് പോലെ, അദ്ദേഹത്തില്‍നിന്ന് സി.പി.എമ്മിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും ഉണ്ടാവില്ല. യാതൊരു തരത്തിലുള്ള മോശമായ കാര്യങ്ങളും ഉണ്ടാവില്ല. ചില പ്രയോഗത്തിലുള്ള പരിഭവം അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ പ്രകടിപ്പിച്ചതാണ്. അദ്ദേഹത്തെ പാർട്ടി സഖാക്കളൊക്കെ ബന്ധപ്പെടുന്നുണ്ട്.

അതുകൊണ്ട് നിങ്ങള്‍ വലിയ പ്രതീക്ഷ വെച്ചുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാക്കാൻ ശ്രമിക്കേണ്ടതില്ല. അദ്ദേഹം പറഞ്ഞതിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ പോകേണ്ട കാര്യമില്ല. മുതിർന്ന നേതാക്കന്മാരെല്ലാം പാർട്ടിക്കും പ്രസ്ഥാനത്തിനും സഹായകരമായ നിലപാട് സ്വീകരിച്ചു പോകുന്നവരാണ്. ഇന്ത്യയിലെയും കേരളത്തിലെയും സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. അതില്‍ തന്റെ അനുഭവ സമ്പത്തും കഴിവും എല്ലാം സി.പി.എമ്മിനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സഹായകമായ വിധത്തില്‍ സഖാവ് ജി സുധാകരൻ ഉപയോഗിക്കും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ’ -എം.എ. ബേബി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.വി. ഗോവിന്ദൻ പരിഹസിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടിയില്‍ തുടരാനാകില്ലെന്ന് മുൻമന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ ഇന്നലെ വ്യക്തമാക്കിയത്. സി.പി.എം സംസ്ഥാന നേതാക്കള്‍ക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചും പാർട്ടി വിടുമെന്ന് വ്യക്തമാക്കിയും അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പെഴുതുകയായിരുന്നു.

പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും ആലപ്പുഴ ജില്ല സെക്രട്ടറി ആർ. നാസറിന്റെയും ഭാഗത്തുനിന്നുണ്ടാകുന്ന തുടർച്ചയായ അവഗണനയും പരിഹാസവുമാണ് തന്നെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നും സുധാകരൻ സൂചിപ്പിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ളവർക്ക് ബുദ്ധിമുട്ടായി ഇനി പാർട്ടിയില്‍ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ഈ മെമ്പർഷിപ്പ് സ്ക്രൂട്ടണി കാലത്ത് അംഗത്വം പുതുക്കില്ലെന്നുമാണ് സുധാകരൻ തുറന്നടിച്ചത്.

ആലപ്പുഴ ജില്ല കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള ബ്രാഞ്ചിലാണ് അംഗത്വം. സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയ ശേഷം സാധാരണ അംഗമായുള്ള പ്രവർത്തനത്തെപ്പറ്റി നേതാക്കള്‍ തന്നോട് അന്വേഷിച്ചിട്ടില്ല. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്തസമ്മേളനത്തില്‍ ഒരുചോദ്യത്തിന് മറുപടിയായി, ഞാൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ലെന്ന അർഥം വരുന്ന, ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു. അത് കേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയാറായിട്ടില്ല. ഗോവിന്ദൻറെ വീഡിയോ സഹിതമായിരുന്നു ജി. സുധാകരൻറെ പോസ്റ്റ്.