യാതൊരു പ്രിവിലേജുകളും ഇല്ലാതെ സർക്കാർ സ്ഥാപനങ്ങളില്‍ പഠിച്ച്‌ നേടിയ വിജയം; അനാഥാലയത്തില്‍ നിന്നും അസിസ്റ്റന്‍റ് പ്രൊഫസറിലേക്ക്; സമൂഹത്തിന് മാതൃകയായി കോട്ടയം ചെങ്ങളം ഈസ്റ്റിലെ ബത്ലഹേം ബാലഭവനിലെ വിജയകുമാർ അശോകന്റെ ജീവിതകഥ…!

Spread the love

കോട്ടയം: അനാഥാലയത്തിൽ വളർന്ന ആ കുട്ടി ഇന്ന് തന്റെ സ്വപ്നങ്ങള്‍ ഒരോന്നായി യാഥാർഥ്യമാക്കുകയാണ്. കോട്ടയം ജില്ലയിലെ ചെങ്ങളം ഈസ്റ്റിലെ ബത്ലഹേം ബാലഭവനില്‍ വളർന്ന വിജയകുമാർ അശോകന്റെ ജീവിതകഥ എല്ലാവർക്കും മാതൃകയാണ്.

video
play-sharp-fill

വിദ്യാഭ്യാസത്തിന്റെ ശക്തി ചെറുപ്പത്തിലെ തിരിച്ചറിഞ്ഞ വിജയകുമാർ അശോകൻ, ഇന്ന് പാലക്കാട് ഗവ. വിക്ടോറിയ കോളജ് മലയാളവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസറാണ്.

തന്റെ ജീവിതവഴിയെ കുറിച്ചും പോരാട്ടങ്ങളെ പറ്റിയും വിജയകുമാർ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് ഇപ്പോള്‍ ശ്രദ്ധേയമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിപ്പിന്റെ പൂർണരൂപം:

2026 ഫെബ്രുവരി 13 എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു. പാലക്കാട് ഗവ. വിക്ടോറിയ കോളജ് മലയാളവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസറായി ജോലിയില്‍ പ്രവേശിച്ചു. സ്ഥിരമായ സർക്കാർ ജോലി ലഭിക്കുകയെന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും അത്യധികം സന്തോഷം ജനിപ്പിക്കുന്ന കാര്യമാണ്.

സാമ്പത്തികസുരക്ഷിതത്വം, സാമൂഹികപദവി എന്നിവയൊക്കെ ആ ജോലിയാല്‍ കൈവരുന്നു എന്നതുംകൂടിയാണ് അതിന് പിന്നിലെ കാരണം. ജോലിയില്‍ പ്രവേശിച്ച്‌ രണ്ടാഴ്ച പിന്നിട്ടെങ്കിലും ഈ കുറിപ്പെഴുതാൻ ഇപ്പോഴാണ് തോന്നലുണ്ടായത്.

എന്നെ സ്നേഹിക്കുന്ന, എന്നെ നന്നായി അറിയുന്ന സുഹൃത്തുക്കള്‍, അധ്യാപകർ എന്നിവരൊക്കെ എന്റെ ഈ കുറിപ്പിനുവേണ്ടി കാത്തിരിക്കുന്നുണ്ടാവും എന്നെനിക്ക് അറിയാം. കാരണം ഈ ജോലി എന്നത് എനിക്ക് അത്രമാത്രം പ്രധാനമായിരുന്നു.

ഒന്നുമില്ലായ്മയില്‍ നിന്നും ജീവിതം തുടങ്ങിയ എനിക്ക് ഇങ്ങനൊരു പദവി കൈവന്നതില്‍ എന്നെക്കാളധികം ആത്മാർഥമായി സന്തോഷിക്കുന്നവർ ഉണ്ട്.

എന്റെ ജീവിതത്തിലെ സന്തോഷത്തെയും ദുഃഖത്തെയും ഏതൊരു വികാരത്തെയും ഞാൻ ഒരേ പാറ്റേണിലാണ് പരിഗണിക്കുന്നത്. അധികസന്തോഷത്തിലേക്കോ അധികദുഃഖത്തിലേക്കോ അതിനെ കടക്കാൻ ഞാൻ അനുവദിക്കാറില്ല.

എന്റെ ജീവിതം പലവിധസാഹചര്യങ്ങളില്‍ വൈകാരികമായി ആ നിലയില്‍ പരുവപ്പെട്ടുകഴിഞ്ഞു. മൂന്നാം വയസിലാണ് ഞാൻ അനാഥനായത്. മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട ഞങ്ങള്‍ നാലുമക്കളും എട്ടുവയസുവരെ വല്യമ്മച്ചിയുടെ (അച്ഛന്റെ അമ്മ) സംരക്ഷണത്തിലായിരുന്നു.

എന്നാല്‍ വല്യമ്മച്ചിയുടെ മരണശേഷം എന്റെ അമ്മായി (അച്ഛന്റെ സഹോദരി) ആണ് ഞങ്ങളെ നോക്കിയത്. എന്നാല്‍ അവിടുത്തെ സാഹചര്യങ്ങള്‍ കാരണം പിന്നീട് കോട്ടയം ജില്ലയിലെ ചെങ്ങളം ഈസ്റ്റിലെ ബത്ലഹേം ബാലഭവൻ എന്ന സ്ഥാപനത്തില്‍ ഞങ്ങളെ അമ്മായി കൊണ്ടുപോയി ചേർത്തു.

ആരോരുമില്ലാത്തവർക്കും സാമ്പത്തികബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവർക്കും അഭയവും അന്നവും അക്ഷരവും നല്‍കിവന്നിരുന്ന ഒരു സ്ഥാപനം. അവിടെയാണ് ഞാൻ ഡിഗ്രി വരെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഡിഗ്രി പാലാ സെന്റ് തോമസ് കോളജില്‍ ആയിരുന്നു.

യൂണിവേഴ്സിറ്റി രണ്ടാം റാങ്കോടുകൂടി വിജയിച്ചു. ഇരുപതാമത്തെ വയസില്‍, ബാലഭവനിലെ പതിമൂന്നുവർഷത്തെ ജീവിതം പൂർത്തിയാക്കി അവിടുന്ന് ഇറങ്ങി. എനിക്ക് പഠിക്കാനും ജീവിക്കാനുമുള്ള എല്ലാ സൗകര്യങ്ങളും പ്രോത്സാഹനങ്ങളും ബാലഭവനില്‍ ഞങ്ങളുടെ അച്ചാച്ചൻ ചെയ്തുതന്നു.

ചെറുപ്പം മുതല്‍ നന്നായി പഠിച്ചു എന്നത് തന്നെയാണ് എന്റെ ഈ വിജയത്തിന്റെ അടിസ്ഥാനമായി ഞാൻ കാണുന്നത്. ഡിഗ്രിപഠനത്തിന് ശേഷം പിജി ചെയ്യാനായി ഞാൻ പോയത് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലായിരുന്നു. പ്രവേശനപ്പരീക്ഷയില്‍ മുൻനിരയിലുണ്ടായിരുന്നതുകൊണ്ടുതന്നെ കാലടി മുഖ്യകേന്ദ്രത്തില്‍ അഡ്മിഷൻ ലഭിച്ചു.

കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ഹയർ എഡ്യുക്കേഷൻ സ്കോളർഷിപ്പ് അന്ന് എനിക്ക് ലഭിച്ചിട്ടുണ്ടായിരുന്നു. പിജി പൂർത്തിയാക്കുന്നതിന് മുന്നേ തന്നെ യുജിസി നെറ്റും ജെആർഎഫും ഞാൻ കരസ്ഥമാക്കി.

അതിനുശേഷമാണ് എംഫില്‍ ചെയ്യാനായി കേരള സർവകലാശാല കാര്യവട്ടം കാമ്പസിലേക്ക് വരുന്നത്. ഒന്നാം റാങ്കോടുകൂടി എംഫില്‍ പൂർത്തിയാക്കി. തുടർന്ന് അവിടെ തന്നെ ഡോ. സി.ആർ. പ്രസാദിന്റെ മാർഗനിർദേശത്തില്‍ ജെആർഎഫോടുകൂടി പിഎച്ച്‌ഡിയും പൂർത്തിയാക്കി.

പ്രബന്ധസമർപ്പണത്തിനു ശേഷം ഇപ്പോള്‍ ഓപ്പണ്‍ ഡിഫൻസിനായി കാത്തിരിക്കുന്നു. പഠനം മാത്രമായിരുന്നു എന്റെ മൂലധനം എന്ന് കാണിക്കാനാണ് ഇത് ഞാൻ പറഞ്ഞത്.

സാമൂഹികമോ സാമ്പത്തികമോ രാഷ്ട്രീയപരമോ കുടുംബപരമോ ആയ യാതൊരു പ്രിവിലേജുകളും ഇല്ലാതെ ഏറ്റവും സാധാരണമായി, നാട്ടിലെ സർക്കാർസ്ഥാപനങ്ങളില്‍ പഠിച്ച്‌ മാത്രം നേടിയ വിജയമാണിത്.

കേരള പിഎസ്സി മുഖേന അസിസ്റ്റന്റ് പ്രഫസർ ജോലി ലഭിച്ചു എന്നതില്‍ സന്തോഷത്തെക്കാള്‍ എനിക്ക് വളരെയധികം അഭിമാനമുണ്ട്. കാരണം ഒരു കുട്ടിയുടെ വ്യക്തിത്വരൂപീകരണത്തിലും വിദ്യാഭ്യാസത്തിലും കരിയർരൂപീകരണത്തിലും രക്ഷിതാക്കളുടെ പങ്ക് വളരെ വലുതാണ്.

സാമൂഹികവും സാമ്പത്തികവും ജോലി/പദവി പരവും സാംസ്കാരികവുമായ ഭദ്രതയുള്ള രക്ഷിതാക്കള്‍ക്ക് അവരുടെ മക്കളെ അതിനനുസരിച്ച്‌ പരുവപ്പെടുത്തിയെടുക്കാനും കൃത്യമായ മാർഗനിർദ്ദേശം നല്‍കാനും സാധിക്കും.

മക്കള്‍ അത് പ്രയോജനപ്പെടുത്തുകയും ചെയ്യും. മാത്രമല്ല; മേല്‍പ്പറഞ്ഞ തരത്തിലുള്ള ഭദ്രതകള്‍ ഉള്ള കുട്ടികള്‍ക്കാകട്ടെ; ജീവിതത്തിന്റെ യാതൊരു പ്രാരാബ്ധങ്ങളും അറിയേണ്ടിയും വരില്ല.

അവർക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച്‌ അവർ ആഗ്രഹിക്കുന്നതുപോലെ യാത്രകളൊക്കെ പോയി ഇഷ്ടമുള്ള ജോലികള്‍ കിട്ടുന്നതിനുവേണ്ടി ധാരാളം വർഷങ്ങള്‍ പ്രയത്നിക്കാനൊക്കെ അവസരങ്ങള്‍ ലഭിക്കും.

vijayakumar4326.jpg1772625253.jpg
കാരണം അത്തരം കുട്ടികള്‍ക്ക് കുടുംബപരമായ ഭൗതിക സാമ്പത്തിക സാഹചര്യങ്ങള്‍ അടിസ്ഥാനമായി ഉണ്ടാകും. എന്നാല്‍ എന്നെപ്പോലെ സീറോയില്‍ നിന്നും തുടങ്ങുന്ന കുട്ടികള്‍ക്ക് ഇരട്ടി കഠിനാധ്വാനം ആണ് എടുക്കേണ്ടി വരുന്നത്. മാത്രമല്ല കുടുംബപരമായ ബാക്കപ്പ് ഇല്ലാത്തതുകൊണ്ടുതന്നെ മാനസികമായ ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവരും.

പരീക്ഷകള്‍ക്ക് പഠിച്ചാല്‍ മാത്രം പോരാ; ഇത്തരം സാഹചര്യങ്ങളെക്കൂടി അതീജീവിച്ചാണ് ഞാനടങ്ങുന്ന സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള ഓരോ വിദ്യാർത്ഥിയും വളരുന്നത്. ഇതിനിടയില്‍ പ്രായം കടന്നുപൊയ്ക്കൊണ്ടിരിക്കും. ജീവിതത്തിന്റേതായ മറ്റു പല സമ്മർദ്ദങ്ങളും അനുഭവിക്കാൻ നിർബന്ധിതരാകും.

ഇന്നത്തെ കാലത്ത് കോളേജില്‍ ഒരു അസിസ്റ്റന്റ് പ്രൊഫസറായി സ്ഥിരജോലി ലഭിക്കുകയെന്നത് വളരെയേറെ ക്ലേശകരമായ കാര്യമാണ്. മേല്‍പ്പറഞ്ഞ തരത്തില്‍ സാമ്പത്തിക സാമൂഹിക സുരക്ഷിതത്വം ഉള്ളവർക്ക് എയ്ഡഡ് കോളജുകളില്‍ കാശ് കൊടുത്ത് അത് സാധിച്ചെടുക്കാം.

എന്നാല്‍ ജീവിതപിന്നോക്കാവസ്ഥ ഉള്ള ഒരാളെ സംബന്ധിച്ചിടത്തോളം പിഎസ്സി നടത്തുന്ന പരീക്ഷകള്‍ മാത്രമാണ് ആശ്രയം. അതിന്റെ നിയമനനടപടികള്‍ പൂർത്തിയാക്കാൻ വളരെയേറെ കാലതാമസവും നേരിടേണ്ടിവരും.

പിന്നോക്ക ജീവിതസാഹചര്യങ്ങള്‍ ഉള്ള കുട്ടികളുടെ മാനസികനില പലപ്പോഴും ആരും ചർച്ചയ്ക്കടുക്കാറില്ല. ഭൗതികവും സാമ്പത്തികവും സാമൂഹികവുമായ പിന്തുണ ഭരണഘടനാ സംവിധാനങ്ങളും സർക്കാരുകളും ചെയ്യാറുണ്ട്.

മറ്റു വിദ്യാർഥികള്‍ അനുഭവിക്കുന്നതിനെക്കാള്‍ കൂടുതല്‍ മാനസിക പിരിമുറുക്കം ഇവർ അനുഭവിക്കേണ്ടിവരുന്നു. മറ്റു വിദ്യാർഥികള്‍ക്ക് സ്വയം പഠിച്ചാല്‍ മാത്രം മതിയെന്നിരിക്കെ; പിന്നോക്കാവസ്ഥയുള്ള കുട്ടികള്‍ക്ക് പഠിച്ചാല്‍ മാത്രം പോരാ, കുടുംബപരമായും സാമ്പത്തികവുമായ അടിത്തറ രൂപീകരിക്കുന്നതിനുകൂടി സമയം ചെലവാക്കേണ്ടിവരും.

വിവിധ മാനസികസംഘർഷങ്ങളിലൂടെയാണ് ഓരോ വിദ്യാർഥിയും പഠിച്ചു മുന്നേറുന്നത് എന്ന് സാന്ദർഭികമായി പറയുന്നു. എന്റെ വിജയകഥ ഇത്ര വിസ്തരിച്ച്‌ ഇവിടെ പറഞ്ഞത് ഇത് വായിക്കുന്ന പിന്നോക്കസാഹചര്യങ്ങള്‍ ഉള്ള കുട്ടികള്‍ക്ക് പ്രചോദനമാകുന്നതിനുവേണ്ടിയാണ്.

സീറോയില്‍ നിന്നും തുടങ്ങിയ എനിക്ക് സർക്കാർ കോളേജില്‍ ഗസറ്റഡ് റാങ്കിലുള്ള അസിസ്റ്റന്റ് പ്രഫസർ ജോലി ലഭിച്ചുവെങ്കില്‍ പഠനത്തിലൂടെ ആർക്കും നേടിയെടുക്കാം.

ഏറ്റവും പ്രാഥമികമായി പഠിക്കുക എന്നതാണ് പ്രധാനം.മലയാളത്തിലെ ഏറ്റവും മനോഹരമായ വാക്ക് കരുണയാണ് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. അത് സത്യവുമാണ്.

ബത്ലഹേം ബാലഭവൻ എന്ന സ്ഥാപനം എനിക്ക് നേരെ കരുണയുടെ കരം നീട്ടിയില്ലായിരുന്നുവെങ്കില്‍ ഈ വിജയം സാദ്ധ്യമാകില്ലായിരുന്നു.

ഈ ജീവിതകാലത്തിനിടയില്‍ എന്റെ വീഴ്ചകളില്‍ എന്നെ പരിഗണിച്ച; ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ എന്നെ പിന്തുണച്ച എന്നെ ഏറെ സ്നേഹിക്കുന്ന ചുരുക്കം ചില വ്യക്തികളുണ്ട്. എല്ലാവർക്കും ഹൃദയത്തില്‍ നിന്നും ഏറ്റവും അകമഴിഞ്ഞ നന്ദിയും സ്നേഹവും.

ഈ വിജയം നിങ്ങള്‍ക്കും കൂടി ഉള്ളതാണ്. ജോലി ലഭിച്ചതിനെ തുടർന്ന് ധാരാളം പേർ നേരിട്ടും ഫോണ്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും അഭിനനന്ദങ്ങള്‍ അറിയിച്ചു. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

വിജയകുമാർ അശോകൻ (വിജയകുമാർ .എ)