
തൃശൂർ: പ്രശ്‌നപരിഹാരത്തിനായി പൂജാരിയുടെ വീട്ടിലെത്തി സൗഹൃദം സ്ഥാപിച്ച് 12 പവൻ മോഷ്ടിച്ചു. യുവതി അറസ്റ്റില്‍. കഴിഞ്ഞ മാസം 16നായിരുന്നു സംഭവം.
കൊടകര പാറേക്കാട്ടുകര മണ്ണാംപറമ്പില്‍ വീട്ടില്‍ സൂര്യയാണ് (26) അറസ്റ്റിലായത്. പൂജാരിയായ മൂലംകുടും സ്വദേശി അജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്.
പൂജകള്‍ക്കായി അജേഷിന്റെ വീട്ടില്‍ യുവതി ഇടയ്‌ക്കിടെ വരാറുണ്ടായിരുന്നു. പൂജാരി അടുക്കളയിലേക്ക് മാറിയ സമയത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന 12 പവൻ തൂക്കം വരുന്ന ആഭരണങ്ങള്‍ സൂര്യ മോഷ്‌ടിക്കുകയായിരുന്നു. മോഷ്‌ടിച്ച ആഭരണങ്ങള്‍ യുവതി കൊടകരയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ വിറ്റു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിന്റെ ആദ്യഘട്ടത്തില്‍ സൂചനകളും തെളിവുകളും ലഭിക്കാതിരുന്നതിനാല്‍ ശാസ്‌ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്‌തത്. പിടിയിലായ സമയത്തും മോഷ്‌ടിച്ചതില്‍ ചില ആഭരണങ്ങള്‍ സൂര്യ ധരിച്ചിരുന്നു.
ആഭരണം വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് പുതിയ സ്വർണാഭരണങ്ങളും ഗൃഹോപകരണങ്ങളും വാങ്ങി. പണയത്തിലിരുന്ന സ്വന്തം ആഭരണങ്ങള്‍ തിരിച്ചെടുക്കുകയും ചെയ്‌തു.
കൊടകര പൊലീസ് ഇൻസ്‌പെക്‌ടർ ജെർലിൻ വി സ്‌കറിയ, എസ് ഐ കൃഷ്‌ണപ്രസാദ്, ഇ എ സുരേഷ്, എ എസ് ഐ ഷീബാ അശോകൻ, ഷൈജി കെ ആന്റണി, ആഷ്‌ലിൻ ജോണ്‍, കെ ജെ ഡെനിൻ, എം എം അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.



