
മാന്നാർ: മാവേലിക്കരയിലും പരിസര പ്രദേശങ്ങളിലും ചെന്നിത്തലയിലുമായി ദിവസങ്ങളോളം നാട്ടുകാരുടെ ഉറക്കം കെടുത്തിയ കാട്ടുപോത്തിനെ വനപാലകരും പൊലീസും ചേർന്ന് മയക്കുവെടിവെച്ച് കീഴ്പ്പെടുത്തി. മാവേലിക്കരയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ട ശേഷം ചെറിയനാട്, ഉളുന്തി പ്രദേശങ്ങൾ പിന്നിട്ട് ഇന്നലെ പുലർച്ചയോടെയാണ് കാട്ടുപോത്ത് ചെന്നിത്തലയിലെത്തിയത്.
ചെന്നിത്തല നവോദയ സ്കൂളിന് കിഴക്ക് മാറി ഒരിപ്രം രതീഷ് ഭവനത്തിൽ ഗോപിയുടെയും കാവിത്തറയിൽ അജികുമാറിന്റെയും വീട്ടുമുറ്റത്ത് കാട്ടുപോത്തിനെ കണ്ടതോടെ അജികുമാർ മാന്നാർ പോലീസിൽ വിവരം അറിയിച്ചു.
തുടർന്ന് റാന്നിയിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരും മാവേലിക്കരയിൽ നിന്നും അഗ്നിശമന സേനയും സ്ഥലത്തെത്തുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആളൊഴിഞ്ഞ പറമ്പുകളിലും കണ്ടത്തിലുമായി കറങ്ങി നടന്ന കാട്ടുപോത്ത് വേലിയും മതിലുമൊക്കെ ചാടി പ്രദേശമാകെ മണിക്കൂറുകളോളം ഭീതി പരത്തി.
ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് ബിനുരാജ്, വൈസ് പ്രസിഡന്റ് അജിതാ ദേവരാജൻ, ഗ്രാമപഞ്ചായത്തംഗം ബിനു സി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും രംഗത്തിറങ്ങി. റാന്നി ആർഎഫ്ഒ ബി ആർ ജയൻ, ചെങ്ങന്നൂർ സോഷ്യൽ ഫോറസ്റ്റ് ഓഫീസർ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ അൻപതോളം പേരടങ്ങുന്ന വനംവകുപ്പ് സംഘം മണിക്കൂറുകളോളം കാട്ടുപോത്തിന് പിന്നാലെ പാഞ്ഞു.
തിരുവനന്തപുരം ഡിവിഷൻ കോട്ടൂർ ഫോറസ്റ്റ് ഡോ. അരുൺ കുമാർ, കോന്നി ഫോറസ്റ്റ് ഡോ. ജെയ്സ്മോൻ, മൂന്നാർ ഡോ. സിദ്ധാർഥ് ശങ്കർ, കുമളി മൃഗസംരക്ഷണ വകുപ്പ് ഡോ. അനുരാജ് എന്നിവരടങ്ങിയ സംഘമാണ് ഒടുവിൽ മയക്കുവെടിവെച്ച് കാട്ടുപോത്തിനെ വീഴ്ത്തിയത്.
വെടിയേറ്റ് മയങ്ങിവീണ കാട്ടുപോത്തിനെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ പ്രദീപ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മനോജ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വി എൽ ലൈജു, ടി എസ് അച്ചു, സുധി ചന്ദ്രൻ, അനീഷ് കുമാർ, ഹോംഗാർഡുമാരായ ഗോപൻ, പ്രമോദ്, സുനിൽ എന്നിവരടങ്ങിയ അഗ്നിശമന സേന ജെസിബിയുടെ സഹായത്തോടെയാണ് ലോറിയിൽ കയറ്റിയത്.
തുടർന്ന് റാന്നി വനംവകുപ്പ് പരിധിയിലെ ഉൾവനത്തിൽ എത്തിച്ച് ഇതിനെ തുറന്നുവിട്ടു. ദൗത്യത്തിൽ പങ്കെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥർക്കും ഡോക്ടർമാർക്കും പഞ്ചായത്തും നാട്ടുകാരും ചേർന്ന് ആദരവ് നൽകി. എം എസ് അരുൺ കുമാർ എംഎൽഎ ഉദ്യോഗസ്ഥരെ പൊന്നാട ചാർത്തി അനുമോദിച്ചു.



