play-sharp-fill
ഉരുൾപൊട്ടൽ ഭീതിയിൽ കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖല: ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം

ഉരുൾപൊട്ടൽ ഭീതിയിൽ കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖല: ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം

കോട്ടയം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായതോടെ ഉരുൾപൊട്ടൽ ഭീതിയിലാണ് കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖല. 15 വരെ വലിയ മഴക്കും ഉരുൾപൊട്ടലിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതോടെ ഈ മേഖലകളിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലെ താമസക്കാരെ ഒഴിപ്പിക്കാനുള്ള നീക്കത്തിലാണ് അധികൃതർ. പൂഞ്ഞാർ തെക്കേകര, തീക്കോയി, കൂട്ടിക്കൽ പഞ്ചായത്തുകളിലെ മലയോര മേഖലയിൽ താമസിക്കുന്ന മുഴുവൻ പേരെയും നിർബന്ധമായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു.

ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിൽ താമസിക്കുന്നവരെ നിർബന്ധമായും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് മന്ത്രി പി തിലോത്തമൻ നിർദേശിച്ചു.
ആവശ്യമെങ്കിൽ പൊലീസിന്റെ സഹായം തേടാം. ക്യാമ്പിലെത്താൻ കഴിയാത്തവർക്ക്‌ വീട്ടിൽ ഭക്ഷണം എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകട സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവരെ താമസിപ്പിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. അവിടേക്ക് മാറാൻ ജനങ്ങൾ തയ്യാറാകണം. ക്യാമ്പുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്‌ അവിടെ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനാണ്‌. ചുമതലയുള്ള ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിലായിരിക്കണം ഭക്ഷണം. ഭക്ഷണം അവിടെതന്നെ പാകം ചെയ്യണം.
ക്യാമ്പിൽനിന്ന് മടങ്ങുന്നവർക്ക് ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കും. വീടുകൾ തകർന്നവർക്ക്‌ താൽകാലിക താമസ സൗകര്യം ഏർപ്പെടുത്തും. പ്രളയബാധിത മേഖലകളിൽ സൗജന്യമായി കാലിത്തീറ്റ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.