
കൊച്ചി: രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ പൊലീസ്.
പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ‘സൊറ്റോക്സ്’ അനലൈസറുകളുടെ ഉപയോഗം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. കൊച്ചി സിറ്റിയില്‍ മാത്രം 2,000 അനലൈസറുകള്‍ കൂടി വാങ്ങാനുള്ള നടപടികള്‍ തുടങ്ങി. സമാന സംവിധാനം എക്സൈസ് വകുപ്പ് നേരത്തേ പ്രയോഗത്തിലുണ്ട്.
ലഹരി കേസുകളുടെ വർധനവാണ് പൊലീസ് സേനയെ ഈ നീക്കത്തിലേക്ക് നയിച്ചത്. കൂടുതല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്യുന്ന കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ പൊലീസ് യൂണിറ്റുകള്‍ക്കാണ് അനലൈസറുകള്‍ നല്‍കിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെലവ് കൂടുതലായതിനാല്‍ വിവിധ ഫണ്ടുകള്‍ സമാഹരിച്ച് കിറ്റുകളുടെ എണ്ണം വർധിപ്പിക്കാനാണ് പൊലീസിന്റെ പദ്ധതി. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ ബ്രെത്തലൈസർ ഉണ്ടായിരുന്നുവെങ്കിലും രാസ ലഹരി ഉപയോഗം തിരിച്ചറിയുന്നത് ഇതുവരെ ബുദ്ധിമുട്ടായിരുന്നു. സംശയാസ്പദരായവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി രക്തം, നഖം, മുടി എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് ലാബിലേക്ക് അയക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. സംശയത്തിന്റെ പേരില്‍ നേരിട്ട് രക്ത പരിശോധന നടത്തുന്നതിലും നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇതിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.
പുതിയ സംവിധാനത്തില്‍ ഉമിനീർ സാമ്പിള്‍ ഉപയോഗിച്ച് രണ്ട് മിനിറ്റിനകം ഫലം ലഭ്യമാകും. വാഹന പരിശോധനയ്ക്കിടെ സംശയം തോന്നുന്നവരെ ഉടൻ പരിശോധിച്ച് മയക്കുമരുന്ന് ഉപയോഗം കണ്ടെത്താൻ ഇതിലൂടെ സാധിക്കും. പദ്ധതി വിജയകരമായാല്‍ മറ്റ് പൊലീസ് ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കും.



