
തിരുവനന്തപുരം: കെ പി സി സി അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് സണ്ണി ജോസഫിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ അനുമതി.
സണ്ണി ജോസഫ് നന്നായി ജോലി ചെയ്യുന്നുണ്ടെന്നും, മറ്റ് സംവിധാനങ്ങളെ കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ടതില്ലെന്നും എ ഐ സി സി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.
കെ പി സി സി അധ്യക്ഷ സ്ഥാനത്ത് തെരഞ്ഞെടുപ്പ് കാലത്ത് പകരം ചുമതല വേണ്ടതില്ലെന്ന നിലപാടിലേക്ക് എ ഐ സി സി എത്തിയതോടെ, സണ്ണി ജോസഫിന് നേതൃത്വം പച്ചക്കൊടി കാട്ടുകയായിരുന്നു. ഡൽഹിയിലേക്ക് സണ്ണി ജോസഫിനെ വിളിപ്പിച്ച് നടത്തിയ ചര്‍ച്ചയില്‍ നേതൃത്വം നിലപാട് വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സണ്ണി ജോസഫ് മത്സരിക്കുമ്പോള്‍ പുതിയ ആള് ആ പദവിയിലേക്ക് വരില്ല, പകരം വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ ആരെയെങ്കിലും താത്കാലികമായി ചുമതലയേല്‍പ്പിക്കും. വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ വിഷ്ണുനാഥും, അനില്‍കുമാറും മത്സരിച്ചാല്‍ പിന്നെ ഷാഫി പറമ്പിലിനാകും നറുക്ക് വീഴുക.
പകരക്കാരില്‍ ചര്‍ച്ച തുടങ്ങിയപ്പോള്‍ പലരും അവകാശവാദം ഉന്നയിച്ചിരുന്നു. തര്‍ക്കത്തിലേക്ക് പോകേണ്ടെന്ന ജാഗ്രതയും എ ഐ സി സി സ്വീകരിച്ചെന്നാണ് വിവരം. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മറ്റ് ക്രമീകരണങ്ങള്‍ വേണമെങ്കില്‍ ആലോചിക്കാമെന്നാണ് പാർട്ടി നിലപാടെന്നാണ് കെ സി വേണുഗോപാല്‍ എം പി പറയുന്നത്.



