ശബരിമല സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നു: ഉണ്ണികൃഷ്ണൻ പോറ്റിയുമായി കടകംപള്ളി സുരേന്ദ്രനുള്ള ബന്ധം വെളിപ്പെടുത്തുന്ന കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നു.

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുള്ള ബന്ധം വെളിപ്പെടുത്തുന്ന കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നു.

video
play-sharp-fill

ഇതിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പിതാവിനെ കാണാനാണ് താൻ പോയതെന്നായിരുന്നു കടകംപള്ളിയുടെ മുൻ വിശദീകരണമെങ്കിലും, അദ്ദേഹം വീണ്ടും പോറ്റിയുടെ വീട്ടില്‍ എത്തിയിരുന്നതായി പുതിയ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. ജാമ്യത്തിലിറങ്ങിയ പ്രതിയുടെ ഉന്നതബന്ധങ്ങളെക്കുറിച്ച്‌ അന്വേഷിക്കുന്ന എസ്.ഐ.ടി, കടകംപള്ളിയില്‍ നിന്ന് ഈ ചിത്രങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ തേടും.

അതേസമയം, കേസുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കണ്‍വീനർ അടൂർ പ്രകാശിനെ കഴിഞ്ഞദിവസം ക്രൈം ബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാടുകളില്ലെന്നും പരിചയം മാത്രമാണുള്ളതെന്നുമാണ് അടൂർ പ്രകാശ് മൊഴി നല്‍കിയത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ചില നിർണായക രേഖകള്‍ ശേഖരിച്ച അന്വേഷണ സംഘം, മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം അദ്ദേഹത്തെ വീണ്ടും വിളിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഉന്നതരായ രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രതിയുമായുള്ള ബന്ധം കേസന്വേഷണത്തില്‍ നിർണായകമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ കുറ്റപത്രം സമർപ്പിക്കാനുള്ള പ്രാഥമിക നടപടികള്‍ എസ്.ഐ.ടി ആരംഭിച്ചെങ്കിലും സ്വർണം എപ്രകാരമാണ് ദുരുപയോഗം ചെയ്തതെന്ന് വ്യക്തമാക്കാൻ സാധിക്കാത്തത് അന്വേഷണത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. വിശ്വാസവഞ്ചന, അഴിമതി നിരോധന നിയമം എന്നിവ തെളിയിക്കുന്നതിനുള്ള അന്തിമ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് സംഘം. ശബരിമലയിലെ കൊടിമരം മാറ്റിയതുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണം കോടതിയുടെ അനുമതിയോടെ മാത്രമേ ആരംഭിക്കൂ എന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.