
കൊച്ചി: സൂരജ് ലാമയുടെ തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്. കളമശ്ശേരി എച്ച്‌എംടി പരിസരത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതാണെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. പരിശോധനാഫലം ലഭിച്ചതോടെ, മരിച്ചത് സൂരജ് ലാമയാണെന്ന വിവരം പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.
കളമശ്ശേരിയിലെ ആളൊഴിഞ്ഞ പ്രദേശത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുവൈറ്റിലെ മദ്യദുരന്തത്തെ തുടർന്ന് ഓർമ്മശക്തി നഷ്ടപ്പെട്ട നിലയിൽ കൊച്ചിയിലെത്തിയ കൊൽക്കത്ത സ്വദേശിയാണ് സൂരജ് ലാമ. ഒക്ടോബർ ആറുമുതലാണ് അദ്ദേഹത്തെ കാണാതായത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സൂരജ് ലാമയെ പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഒക്ടോബർ 10ന് ആശുപത്രിയിൽ നിന്നാണ് അദ്ദേഹം കാണാതായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തുടക്കത്തിൽ വ്യക്തമായ സൂചനകൾ ലഭിച്ചിരുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിതാവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മകൻ സന്ദൻ ലാമ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി പരിഗണിച്ചിരുന്നു. മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധനാഫലം ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കഴിഞ്ഞ ദിവസം പൊലീസിന് നിർദേശം നൽകിയിരുന്നു.



