
കോട്ടയം: കോട്ടയം ജില്ലയില്‍ ജോസ് കെ മാണി നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 7, 8, 9 തീയതികളില്‍.
ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിന്റെ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളും സാമൂഹ്യക്ഷേമ പദ്ധതികളും കരുതലും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി മൂന്ന് മേഖലകളിലായി എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ വികസന മുന്നേറ്റ ജാഥകള്‍ നടത്തുന്നു.
കേരളത്തിന്റെ സമാധാനന്തരീക്ഷം മതനിരപേക്ഷ നിലപാടുകളിലൂടെ നിലനിര്‍ത്തുവാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിന് കഴിഞ്ഞു. യു.ഡി.എഫിന്റെയും, ബി.ജെ.പിയുടെയും വികസന വിരുദ്ധ നിലപാടുകളും സര്‍ക്കാരിനെതിരായുള്ള നുണപ്രചരണങ്ങളും ജോസ് കെ. മാണി എം.പി നയിക്കുന്ന മധ്യ മേഖല വികസന മുന്നേറ്റ ജാഥയിലൂടെ തുറന്നു കാണിക്കപ്പെടും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫെബ്രുവരി 6-ന് പത്തനംതിട്ട പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ആരംഭിക്കുന്ന എല്‍.ഡി.എഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ഫെബ്രുവരി ഏഴാം തീയതി ശനിയാഴ്ച നാലുമണിക്ക് ചങ്ങനാശ്ശേരി പ്രൈവറ്റ് ബസ്റ്റാന്‍ഡില്‍ വമ്പിച്ച സ്വീകരണവും പൊതുസമ്മേളനവും നടത്തും. തുടര്‍ന്ന് കോട്ടയം തിരുനക്കര മൈതാനത്ത് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും.
എട്ടാം തീയതി ഞായറാഴ്ച കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ രാവിലെ 8.30 മുതല്‍ 9.30 വരെ ജാഥാ ക്യാപ്റ്റനും സഹ നേതാക്കളും, കോട്ടയത്തെയും പരിസര നിയോജക മണ്ഡലത്തില്‍പ്പെട്ട, സമൂഹത്തിലെ വിവിധ ശ്രേണിയില്‍പ്പെട്ട പൗരപ്രമുഖരും, തൊഴിലാളികളും, കൃഷിക്കാരും ഉള്‍പ്പെടെയുള്ള വ്യക്തിത്വങ്ങളുമായി മുഖാമുഖം പരിപാടി നടത്തും. 9.30ന് നേതാക്കള്‍ പത്രപ്രവര്‍ത്തകരുമായി സംവദിച്ചതിനുശേഷം 10.30ന് പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ പാമ്പാടി ടൗണില്‍ നടക്കുന്ന സ്വീകരണത്തില്‍ പങ്കെടുക്കും.
അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ സ്വീകരണം പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍ നടക്കും. തുടര്‍ന്ന് നാലുമണിക്ക് കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ സ്വീകരണം കുറവലങ്ങാട് പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍ നടക്കും.
അതിനുശേഷം അഞ്ചുമണിക്ക് വൈക്കം നിയോജക മണ്ഡലത്തില്‍, വൈക്കം ബോട്ടുജെട്ടി മൈതാനത്ത് നടക്കുന്ന സ്വീകരണ സമ്മേളനത്തോടെ സമാപിക്കും. ഒമ്പതാം തീയതി രാവിലെ 8.30 മുതല്‍ 9.30 വരെ പാലാ സണ്‍സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍, സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുമുള്ളവരുമായി സംവദിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്ന മുഖാമുഖം പരിപാടി നടത്തും.
തുടര്‍ന്ന് പത്രസമ്മേളനത്തിനുശേഷം 10 മണിക്ക് പാലായിലെ സ്വീകരണത്തില്‍ പങ്കെടുക്കും. പാലാ കുരിശുപള്ളി കവലയില്‍ നിന്നും ജാഥാ ക്യാപ്റ്റനെയും, സഹനേതാക്കളെയും സ്വീകരിച്ച ആനയിച്ച് പാലാ മഹാറാണി തീയേറ്റര്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ജാഥയ്ക്ക് വമ്പിച്ച സ്വീകരണവും, സമ്മേളനവും നടത്തും. അന്നേദിവസം 11.30ന് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ സ്വീകരണം പൊന്‍കുന്നം രാജേന്ദ്ര മൈതാനത്ത് നടക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ സ്വീകരണവും സമ്മേളനവും മുണ്ടക്കയം പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കും.
കോട്ടയം ജില്ലയിലെ 9 നിയോജക മണ്ഡലത്തിലെ സ്വീകരണ സമ്മേളനങ്ങളിലും പതിനായിരത്തില്‍ കുറയാത്ത ആളുകളെ പങ്കെടുപ്പിക്കും. സമൂഹത്തിലെ വിവിധ ശ്രേണിയിലുള്ള വിദ്യാര്‍ത്ഥികളും യുവജനങ്ങളും സ്ത്രീകളും തൊഴിലാളികളും ഉള്‍പ്പെടുന്ന വലിയ ജനാവലി അണിനിരക്കും. വാദ്യഘോഷങ്ങളും, കലാരൂപങ്ങളും സ്വീകരണങ്ങള്‍ക്ക് കൊഴുപ്പേകും. ജില്ലയിലെ നിയോജകമണ്ഡല ആസ്ഥാനങ്ങളില്‍ നടക്കുന്ന സ്വീകരണങ്ങളിലും, സമ്മേളനങ്ങളിലും മന്ത്രി വി.എന്‍ വാസവന്‍, മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, ജോബ് മൈക്കിള്‍ എം.എല്‍.എ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, സി.കെ. ആശ എം.എല്‍.എ, ഉള്‍പ്പെടെയുള്ള മറ്റു എല്‍.ഡി.എഫ് നേതാക്കളും നേതൃത്വം നല്‍കും.
ജാഥാ ക്യാപ്റ്റന്‍ ജോസ് കെ. മാണി എം.പിയോടൊപ്പം സഹ നേതാക്കളായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എം.എല്‍.എ, പി.കെ. ബിജു എക്സ് എം.പി, പി.പി. സുനീര്‍ എം.പി, മറ്റ് ഘടകകക്ഷി നേതാക്കളായ സാബു ജോര്‍ജ്, ഡോ. വര്‍ഗീസ് ജോര്‍ജ്, സുഭാഷ് പുഞ്ചക്കോട്ടില്‍, മാത്യൂസ് കോലഞ്ചേരി, കെ.ജി പ്രേംജിത്ത്, ഫ്രാന്‍സിസ് തോമസ്, എം.എ ലത്തിഫ്, ബിനോയ് ജോസഫ് തുടങ്ങിയവര്‍ ഉണ്ടാകുമെന്നും എല്‍.ഡി.എഫ് കോട്ടയം ജില്ലാ കണ്‍വീനര്‍ പ്രൊഫ. ലോപ്പസ് മാത്യു പത്രസമ്മേളനത്തില്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി ടി.ആര്‍ രഘുനാഥന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി വി.കെ. സന്തോഷ് കുമാര്‍, അഡ്വ. കെ. അനില്‍കുമാര്‍, അഡ്വ. ഫ്രാന്‍സിസ് തോമസ്, രാജീവ് നെല്ലിക്കുന്നേല്‍, കെ.എം രാധാകൃഷ്ണന്‍, വിജി എം.തോമസ്, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



