അടുത്തത് യുഡിഎഫ് ഭരണമെന്ന സൂചന പുറത്തുവന്നതോടെ ഉപജാപക സംഘം സജീവമായി: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പേ തന്നെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലും ബോര്‍ഡ്-കോര്‍പ്പറേഷന്‍ പദവികളിലും നോട്ടമിട്ട് വലിയൊരു സംഘം ഇന്ദിരാ ഭവനില്‍ തമ്പടിച്ചു: തിരഞ്ഞെടുപ്പ് കാലത്തൊന്നും തിരിഞ്ഞുനോക്കാത്തവരാണ് ഇപ്പോൾ രംഗത്തുവന്നത്.

Spread the love

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫിന് അനുകൂല തരംഗമുണ്ടെന്ന സൂചനകള്‍ പുറത്തുവന്നതോടെ, അധികാരം ലക്ഷ്യമിട്ട് കെപിസിസി ഓഫീസില്‍ ഉപജാപക സംഘങ്ങളുടെ തള്ളിക്കയറ്റം.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പേ തന്നെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലും ബോര്‍ഡ്-കോര്‍പ്പറേഷന്‍ പദവികളിലും നോട്ടമിട്ട് വലിയൊരു സംഘം ഇന്ദിരാ ഭവനില്‍ തമ്പടിച്ചിരിക്കുകയാണ്.

video
play-sharp-fill

ഇതില്‍ ഭൂരിഭാഗവും 70 വയസ്സിനോടടുത്ത് പ്രായമുള്ളവരും പത്തും പതിനഞ്ചും വര്‍ഷം മുന്‍പ് സര്‍വീസില്‍ നിന്ന് വിരമിച്ചവരുമാണ്. കോണ്‍ഗ്രസ് സംഘടനകളില്‍ സജീവമല്ലാതിരുന്നിട്ടും അധികാരത്തിന്റെ മണം കിട്ടിയതോടെ ഇവര്‍ വീണ്ടും സജീവമായിരിക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ വിവാദമുള്‍പ്പെടെയുള്ള തിരിച്ചടികള്‍ക്ക് കാരണക്കാരായ പലരും ഇപ്പോള്‍ പദവികള്‍ മോഹിച്ച്‌ രംഗത്തുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇടതുഭരണകാലത്ത് പദവികള്‍ അനുഭവിച്ച ശേഷം 2021-ല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് കരുതി കളംമാറ്റിയവരും ഈ കൂട്ടത്തിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്ന് ഭരണം കിട്ടാതെ വന്നതോടെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിഞ്ഞുനിന്ന ഇവര്‍, ഇപ്പോള്‍ ‘ഓഫീസേഴ്‌സ് സെല്‍’ എന്ന പേരില്‍ യോഗങ്ങള്‍ വിളിച്ച്‌ സജീവമാകാനാണ് ശ്രമിക്കുന്നത്. വളരെ നിര്‍ണ്ണായകമായ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്തൊന്നും തിരിഞ്ഞുനോക്കാത്തവരാണ് ഇപ്പോള്‍ ഫണ്ട് സമാഹരണത്തിന്റെ പേരിലും സംഘടനയുടെ പേരിലും കെപിസിസിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്.

നേരത്തെ കെ. സുധാകരന്‍ കെപിസിസി പ്രസിഡന്റായിരുന്നപ്പോള്‍ വിളിച്ചുചേര്‍ത്ത ഇത്തരം യോഗങ്ങള്‍ പ്രതിപക്ഷ നേതാവിനെയും മറ്റ് മുതിര്‍ന്ന നേതാക്കളെയും വിമര്‍ശിക്കാനുള്ള വേദിയായി മാറിയിരുന്നു. ഇതിനെതിരെ വിവിധ കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ അതൃപ്തി അറിയിച്ചിരുന്നെങ്കിലും, വീണ്ടും അതേ ഉപജാപക സംഘം തന്നെ പിടിമുറുക്കുന്നത് പാര്‍ട്ടിയെ ഞെട്ടിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആത്മാര്‍ത്ഥമായി പണിയെടുക്കുന്ന സാധാരണ പ്രവര്‍ത്തകരെ മറികടന്ന് ഇത്തരം ‘കാര്യക്കാര്‍’ അധികാരം കൈക്കലാക്കുന്നത് തടയണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുകയാണ്.