
കൊച്ചി: സൈബർ കുറ്റകൃത്യങ്ങള്‍ നടത്താൻ കമ്പോഡിയയിലേക്ക് കേരളത്തില്‍ നിന്ന് വൻതോതില്‍ മനുഷ്യക്കടത്ത്.
ചൈനീസ് പൗരൻമാരുടെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന സൈബർഷെല്‍ട്ടറുകളിലേക്കാണ് മലയാളികളായ യുവതീ, യുവാക്കളെ വൻതോതില്‍ കടത്തുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഹൈദരാബാദ് സ്വദേശിയായ യുവ ഡോക്ടറില്‍ നിന്ന് മാട്രിമോണിയല്‍ സൈറ്റിലൂടെ യുവതി എന്ന വ്യാജേന പരിചയപ്പെട്ട് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ ആലപ്പുഴ അരൂർ സ്വദേശി സൂരജ് കൃഷ്ണ (22), മലപ്പുറം വളാഞ്ചേരി സ്വദേശികളായ കെ.പി. ആദില്‍ (22), മുഹമ്മദ് ഫൈസല്‍ (25) എന്നിവരെ കൊച്ചി സിറ്റി സൈബർ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്.
യുവ ഡോക്ടറെ കമ്പോഡിയയില്‍ നിന്ന് യുവതിയെന്ന വ്യാജേന ബന്ധപ്പെട്ടത് സൂരജ് കൃഷ്ണയായിരുന്നു.
കേരളത്തില്‍ നിന്ന് യുവതികളെയും യുവാക്കളെയും തായ്ലൻഡ്, ലാവോസ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിസിറ്റിംഗ് വിസയില്‍ എത്തിച്ച ശേഷം റോഡ് മാർഗമാണ് കമ്പോഡിയയില്‍ എത്തിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അവിടെയെത്തിയാല്‍ ആദ്യം ഹോട്ടല്‍ ജോലികളും ഡെലിവറി ജോലികളും ചെയ്യുന്നതിന് വിസ തരപ്പെടുത്തി നല്‍കും. പിന്നീട് ആസൂത്രിത നീക്കങ്ങളിലൂടെ ചൈനീസ് പൗരൻമാർ നിയന്ത്രിക്കുന്ന സൈബർ ഷെല്‍ട്ടറുകളില്‍ എത്തിക്കും. തുടർന്ന് നിർബന്ധിതമായി സൈബർകുറ്റകൃത്യങ്ങളുടെ ഭാഗമാക്കുകയാണ് ചെയ്യുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി.
നാട്ടില്‍ തിരിച്ചെത്തിയാല്‍ നേരിടേണ്ടി വരുന്ന സാമ്പത്തിക പരാധീനതകള്‍ മൂലം കേരളത്തില്‍ നിന്നെത്തുന്നവർക്ക് പിൻമാറാൻ സാധിക്കാറില്ല.



