
പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് അതിഥി തൊഴിലാളി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ എട്ട് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം. മണ്ണാർക്കാട് എസ്സി-എസ്ടി സ്പെഷ്യല്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഡിസംബര്‍ 18നാണ് വാളയാര്‍ അട്ടപ്പള്ളത്ത് ചത്തീഡ്ഗഡ് സ്വദേശിയായ രാംനാരായണ്‍ അതിക്രൂരമായ ആള്‍ക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ടത്. കേസില്‍ 20 പ്രതികളുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മോഷണക്കുറ്റം ആരോപിച്ചായിരുന്നു വിചാരണ. താനൊന്നും മോഷ്ടിച്ചില്ലെന്ന് രാംനാരായണ്‍ പറഞ്ഞെങ്കിലും സംഘം അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ‘നീ ബംഗ്ലാദേശി ആണോടാ’ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ക്രൂരമര്‍ദനമേറ്റ് രാംനാരായണ്‍ നിലത്തുവീണുപോയിരുന്നു. മണിക്കൂറുകളോളം ആരും തിരിഞ്ഞുനോക്കാതെ നിലത്തുതന്നെ കിടന്നു. പൊലീസ് എത്തിയാണ് രാംനാരായണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ചികിത്സയ്ക്കിടെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഇനിയും പ്രതികളെ പിടികൂടാനിരിക്കെയാണ് എട്ട് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നോഴാണ് രാംനാരായണ്‍ അനുഭവിച്ച ക്രൂരതയുടെ ആഴം പുറംലോകമറിയുന്നത്. തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവമാണ് മരണകാരണമായതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ രാംനാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രാംനാരായണിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം ഛത്തീസ്ഗഡ് സര്‍ക്കാരും പ്രഖ്യാപിച്ചിരുന്നു.



