കോട്ടയം കഞ്ഞിക്കുഴിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു; ബസ് സ്റ്റാൻഡ് തുറന്ന് നൽകണമെന്നും, ബസ് സ്റ്റോപ്പുകൾ സ്റ്റാൻഡിലേക്ക് മാറ്റണമെന്നുള്ള ഹൈക്കോടതി ഉത്തരവ് പാലിക്കാത്ത നഗരസഭാ സെക്രട്ടറി ഫെബ്രുവരി ആറിന് നേരിട്ട് ഹാജരാകാൻ ഉത്തരവിട്ട് ഹൈക്കോടതി; നടപടി തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാറിന്റെ കോടതിയലക്ഷ്യ ഹർജിയിയേ തുടർന്ന്

Spread the love

കോട്ടയം : നഗരസഭയുടെ ഉടമസ്ഥതയിൽ കഞ്ഞിക്കുഴിയിലുള്ള ബസ് സ്റ്റാൻഡ് 45 ദിവസത്തിനകം തുറന്നുകൊടുക്കാൻ നഗരസഭയോട് ഹൈക്കോടതി നിർദ്ദേശിച്ച് പത്ത് മാസം കഴിഞ്ഞിട്ടും നടപടി എടുക്കാത്ത കോട്ടയം നഗരസഭാ സെക്രട്ടറി ഫെബ്രുവരി ആറിന് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്.

video
play-sharp-fill

എന്നാൽ ബസ് സ്റ്റാൻഡ് തുറക്കാൻ തീരുമാനമെടുത്താൽ സെക്രട്ടറി നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാകും.

ബസ്റ്റാൻഡ് അടച്ചിട്ടിരിക്കുന്നത് മൂലം പുതുപ്പള്ളി, കൊല്ലാട് , മണർകാട്, മുണ്ടക്കയം, കോട്ടയം, തിരുവഞ്ചൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന ബസ്സുകൾ റോഡിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് മൂലം അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് കഞ്ഞിക്കുഴിയിൽ അനുഭവപ്പെടുന്നത്. ബസ് സ്റ്റാൻഡ് തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളും, വിവിധ റസിഡൻസ് അസോസിയേഷനുകളും, പൊലീസും നിരവധി തവണ നഗരസഭയ്ക്ക് പരാതി നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് 2024 നവംബറിൽ തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാറും നഗരസഭയ്ക്ക് പരാതി നൽകി.

പരാതിയിൻമേൽ തുടർനടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൻമേൽ 45 ദിവസത്തിനകം ബസ് സ്റ്റാൻഡ് തുറന്ന് കൊടുക്കാൻ കോട്ടയം നഗരസഭയോട് ഹൈക്കോടതി 2025 ഏപ്രിൽ 11ന് നിർദ്ദേശിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് വന്ന് പത്തുമാസം കഴിഞ്ഞിട്ടും നടപടി എടുക്കാത്തതിനേ തുടർന്നാണ് കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തത്.

കോട്ടയം നഗരസഭാ സെക്രട്ടറി, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ഡിവൈഎസ്പി , ഈസ്റ്റ് എസ്എച്ച്ഒ, ട്രാഫിക് എസ്എച്ച്ഒ എന്നിവരെ എതിർകക്ഷികൾ ആക്കിയാണ് ഹർജി ഫയൽ ചെയ്തത്.

25 വർഷത്തോളമായി അടഞ്ഞുകിടക്കുന്ന ബസ് സ്റ്റാൻഡിൽ മാലിന്യം തള്ളുന്നതിനും, ഉപയോഗശൂന്യമായ നഗരസഭയുടെ വാഹനങ്ങൾ ഇടുന്നതിനുമാണ് ഉപയോഗിക്കുന്നത്. ഇതോടെ ബസ്റ്റാൻഡ് അനാശാസ്യക്കാരുടെ താവളവുമായി മാറി.

കോട്ടയം നഗരത്തിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന മൗണ്ട് കാർമൽ സ്കൂളും കഞ്ഞിക്കുഴി ജംഗ്ഷനിലാണ് സ്ഥിതിചെയ്യുന്നത്. ഈ കുട്ടികളെല്ലാം റോഡ് വക്കത്ത് നിന്നാണ് ബസുകളിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. ഇതെല്ലാം അതിരൂക്ഷമായ ഗതാഗതക്കുരുക്കിനും, വൻ അപകടത്തിനുമാണ് കാരണമാകുന്നത്.

ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ സെഷൻസ് ജഡ്ജി, സുപ്രീം കോടതി റിട്ട: ജസ്റ്റിസ് അടക്കമുള്ള നഗരത്തിലെ പ്രമുഖരെല്ലാം താമസിക്കുന്നത് കഞ്ഞിക്കുഴിയിലാണ്.

തേർഡ് ഐ ന്യൂസിന് വേണ്ടി അഡ്വ. കെ രാജേഷ് കണ്ണൻ ഹൈക്കോടതിയിൽ ഹാജരായി.