Spread the love

പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം ചികിത്സാപ്പിഴവ് മൂലമല്ലെന്ന് വടക്കൻ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രി.ബന്ധുക്കള്‍ ചികിത്സാപ്പിഴവ് ആരോപിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി മെഡിക്കല്‍ സൂപ്രണ്ട് ഡോ. പി കെ കുഞ്ചറിയ രംഗത്തെത്തിയത്. മരിച്ച പട്ടണംപള്ള സ്വദേശി കാവ്യമോളുടേത് (30) അപൂർവമായി കാണുന്ന അവസ്ഥയായിരുന്നെന്നും അവ‌ർ പറഞ്ഞു.

video
play-sharp-fill

ഡോ. പി കെ കുഞ്ചറിയയുടെ വാക്കുകൾ ഇങ്ങനെ:-

പ്രസവത്തിന് പിന്നാലെ അമിതമായ രക്തസ്രാവം ഉണ്ടായി. അപൂർവമായി കാണുന്ന അവസ്ഥയിലായിരുന്നു. തുടർന്ന് ഗർഭപാത്രം നീക്കം ചെയ്‌തു. ഓപ്പറേഷൻ തീയേറ്ററില്‍ വച്ച്‌ ഹൃദയസ്‌തംഭനം ഉണ്ടായി. സംഭവത്തില്‍ വീഴ്‌ചയുണ്ടായിട്ടില്ല. ആദ്യഘട്ടത്തില്‍ നല്‍കാനുള്ള രക്തം ആശുപത്രിയില്‍ തന്നെ ഉണ്ടായിരുന്നു. ആശുപത്രി മാറ്റത്തെക്കുറിച്ച്‌ ബന്ധുക്കള്‍ സൂചിപ്പിച്ചപ്പോള്‍ തന്നെ സമ്മതിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസംബർ 24ന് കാവ്യയുടെ രണ്ടാമത്തെ പ്രസവമാണ് ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ നടന്നത്. പകല്‍ 12.50ന് പെണ്‍കുഞ്ഞിന് കാവ്യ ജന്മം നല്‍കി. പിന്നീട് അപകടനിലയിലായ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ അധിക‌ൃതർ വിസമ്മതിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. വൈകിട്ട് നാല് മണിയോടെയാണ് ഹൃദയാഘാതം ഉണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചത്. പിന്നീട് ആരോഗ്യനില വഷളായതോടെയാണ് സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് ആശുപത്രി അധികൃതർ തന്നെ രാത്രി 9.30ന് ഏർപ്പാടാക്കിയത്.

ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതോടെ അതീവ ഗുരുതരാവസ്ഥയിലായ യുവതിക്ക് മസ്‌തിഷ്‌ക മരണം സംഭവിക്കുകയും ചെയ്‌തു. എറണാകുളം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം സംസ്‌കാരം നടത്തി. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. .