വാടകവീട് ഒരുക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇരുപത്തിനാലുകാരിയെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചു ; പിന്നീട് ദൃശ്യങ്ങൾ പകര്‍ത്തി ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെടുത്തു, അറസ്റ്റിലായവരില്‍ കൊലക്കേസ് പ്രതിയും

Spread the love

തൃശൂർ : യുവതിയെ റിസോർട്ടിലെത്തിച്ച്‌ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായവരില്‍ കൊലക്കേസ് പ്രതിയും. അയ്യന്തോള്‍ പഞ്ചിക്കല്‍ ഫ്ലാറ്റ് കൊലക്കേസിലെ മുഖ്യപ്രതി ഉള്‍പ്പെടെ മൂന്ന് പേരെയാണ് തൃശ്ശൂർ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

കൊടകര വാസുപുരം വെട്ടിക്കല്‍ റഷീദ് (44), മലപ്പുറം പെരിന്തല്‍മണ്ണ മൂർക്കനാട് പള്ളിപ്പടി അത്തായില്‍ ജലാലുദ്ദീൻ (23), അതിരപ്പിള്ളി വെറ്റിലപ്പാറ ചിക്ലായി കളിക്കാട്ടില്‍ ജോബിൻ (36) എന്നിവരാണ് പിടിയിലായത്. ഇവരെ കോഴിക്കോട്ടുനിന്നാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ റഷീദ് 2016ല്‍ അയ്യന്തോള്‍ പഞ്ചിക്കലിലെ ഫ്ലാറ്റില്‍ സതീശൻ എന്ന യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. കൊടകര, വെള്ളിക്കുളങ്ങര, തൃശൂർ വെസ്റ്റ്, വിയ്യൂർ പൊലീസ് സ്റ്റേഷനുകളിലായി റഷീദിനെതിരെ 16 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ആയുധ നിയമപ്രകാരമുള്ള കേസില്‍ ഇയാള്‍ നേരത്തെ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുപത്തിനാലുകാരിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. വാടകവീട് ഒരുക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് റിസോർട്ടിലേക്കു വിളിച്ചുവരുത്തിയ ശേഷം സംഘം പീഡിപ്പിച്ചുവെന്നും, ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി സ്വർണമാലയും വളയും കവർന്നുവെന്നുമാണ് കേസ്. ഒരു പവൻ വീതം തൂക്കമുള്ള സ്വർണമാലയും വളയുമാണ് കവർന്നതെന്നാണ് യുവതിയുടെ പരാതി.

രണ്ടാഴ്ച മുൻപാണ് സംഭവം നടന്നത്. നാലുപേർ ചേർന്നാണ് കുറ്റകൃത്യം നടത്തിയതെന്ന പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. നാലാമത്തെ പ്രതി ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. റൂറല്‍ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ചാലക്കുടി ഡിവൈഎസ്‌പി വി.കെ. രാജു, അതിരപ്പിള്ളി എസ്‌എച്ച്‌ഒ മനേഷ് പൗലോസ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. ഡാൻസാഫ് ഉള്‍പ്പെടെയുള്ള പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.