
മണ്ണന്തല: കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചെന്ന് കുടുംബത്തിന്റെ ആരോപണം. വള്ളക്കടവ് സ്വദേശി ദസ്തകീർ (46) എന്ന യുവാവിനെ മണ്ണന്തല പോലീസ് ക്രൂരമായി തല്ലിച്ചതച്ചെന്നാണ് കുടുംബം പറയുന്നത്.
സംഭവസ്ഥലത്ത് വെച്ചും സ്റ്റേഷനിൽ കൊണ്ടുപോയും പോലീസ് മർദിച്ചുവെന്നാണ് പരാതി. അതേസമയം മർദിച്ചുവെന്ന ആരോപണം പോലീസ് നിഷേധിച്ചു. സംഭവത്തിൽ കമ്മീഷണർക്ക് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.
മദ്യപിച്ച് ഭാര്യക്ക് നേരെ അതിക്രമം കാണിച്ചതിനാണ് ഓട്ടോ ഡ്രൈവറായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. വ്യാഴാഴ്ചയാണ് സംഭവം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവാവ് മദ്യപിച്ചെത്തിയ ശേഷം ആക്രമിച്ചപ്പോൾ ഭാര്യ സലീനയും മകനും പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പോലീസ് എത്തി ഇയാളെ സ്റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.
തുടർന്ന് പോലീസുകാർ ലാത്തികൊണ്ട് ക്രൂരമായി മർദ്ദിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. പിൻഭാഗത്തും കാലുകളിലും അടിയേറ്റ നിരവധി പാടുകൾ ശരീരത്തിലുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് ദസ്തകീർ. മണ്ണന്തലയിൽ താമസിക്കുന്ന ഇയാൾ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ ബഹളം വെച്ച് ആക്രമിക്കാറുണ്ടെന്നാണ് പോലീസ് പറയുന്നത്.



